Pro. PAPPUTY



താണ്ട് 1378. 7 കോടി വർഷം മുമ്പ് ഒരു മഹാവിസ്ഫോടനത്തിലൂടെയാണ് നമ്മുടെ പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടത് എന്നാണ് ജ്യോതിശ്ശാസ്ത്രജ്ഞർ പറയുന്നത്.തുടക്കത്തിൽ പ്രപഞ്ചത്തിൻ്റെ വലുപ്പം ഒരു കടുകുമണിയോളം ആയിരുന്നോ അതോ അതിലും ചെറുതായിരുന്നോ, അതിലെ പദാർഥ രൂപം എന്തായിരുന്നു എന്നൊന്നും നമുക്ക് കൃത്യമായറിയില്ല.

പ്രപഞ്ചം അതിവേഗം വികസിക്കുകയും തണുക്കുകയും ചെയ്തു കൊണ്ടിരുന്നു. ഏതാണ്ട് മൂന്നു ലക്ഷം വർഷം കൊണ്ട് മുഖ്യമായും ഹൈഡ്രജനും, അഞ്ചിലൊന്നോളം ഹീലിയവും ഉള്ള ഒരു പ്രപഞ്ചം നിലവിൽ വന്നു എന്നതിന് തെളിവുണ്ട്. അതിവേഗം വികസിക്കുന്ന, അതിസാന്ദ്രമായ വാതകം  നെബുലകളും നെബുലാ സംഘാതങ്ങളും ആയി തിരിയുകയും അവ സങ്കോചിച്ച് നക്ഷത്രങ്ങളും ഗാലക്സികളും ആയി മാറുകയും ചെയ്തു എന്ന് കരുതപ്പെടുന്നു. പ്രപഞ്ചം ഇപ്പോഴും വികാസം തുടരുന്നു.

നക്ഷത്ര കാമ്പുകളിൽ ഹൈഡ്രജൻ ആറ്റങ്ങൾ ശക്തിയോടെ അന്യോന്യം കൂട്ടിയിടിച്ച് കൂടുതൽ ഹീലിയം സൃഷ്ടിക്കുകയും വലിയ അളവിൽ ഊർജം പുറത്തുവിടുകയും ചെയ്യുന്നു. സൂര്യൻ ഓരോ നിമിഷവും ഉല്പാദിപ്പിക്കുന്ന ഊർജത്തിൻ്റെ 250 കോടിയിലൊരംശമേ ഭൂമിക്ക് കിട്ടുന്നുള്ളൂ. എന്നിട്ടുപോലും എന്തൊരു ചൂട്!

ഹൈഡ്രജൻ ഹീലിയമാകുന്നതു പോലെ മൂന്നു ഹീലിയം വീതം സംലയിച്ച് കാർബണും നാലെണ്ണം ചേർന്ന് ഓക്സിജനും ഒന്നു കൂടി ചേർന്ന് നിയോണും... അങ്ങനെ ഇരുമ്പു വരെ അണു ഭാരമുള്ള എല്ലാ മുലകങ്ങളും ഉണ്ടാകുന്നു. മൂലകങ്ങളെ ചുട്ടെടുക്കുന്ന അടുക്കളയാകുന്നു നക്ഷത്രക്കാമ്പുകൾ.

നക്ഷത്രം വേണ്ടത്ര ഭാരമുള്ളതാണെങ്കിൽ അതിൻ്റെ കാമ്പ് ഏതാനും കോടി വർഷം കൊണ്ട് ജ്വലിച്ച് തീർന്ന് ,തണുത്ത് ചുരുങ്ങുന്നു;ഉള്ളിൽ ശൂന്യ സ്ഥലം ഉണ്ടാകുന്നു. അവിടേക്ക് പുറം അടരുകൾ

ഇടിഞ്ഞമരുന്നു . മർദവും താപവും ഉയരുന്നതുമൂലം അതാകെ ജ്വലിച്ച് പൊട്ടിത്തെറിക്കുന്നു. 'സൂപ്പർനോവ'' അനേകകോടി സൂര്യന്മാരുടെ ഊർജം അതു പുറന്തള്ളുന്നു. അപ്പോഴത്തെ അതിഭീമമർദ്ദത്തിലും താപനിലയിലും ഇരുമ്പിനേക്കാൾ അണു ഭാരം കൂടിയ മുലകങ്ങളും സൃഷ്ടിക്കപെടുന്നു.പ്രപഞ്ചത്തിലെ ഭാരിച്ച മൂലകങ്ങളെല്ലാം ഇങ്ങനെ ഉണ്ടായതാണ്.

പൊട്ടിച്ചിതറിപ്പോയ പദാർഥങ്ങളെല്ലാം നക്ഷത്രാന്തര സ്പേസിലെ പദാർഥസഞ്ചയത്തിൽ വിലയം പ്രാപിക്കുന്നു. അതിൽ നിന്ന് പുതിയ നെബുലകൾ ഉരുത്തിരിഞ്ഞ് പുതിയ നക്ഷത്രങ്ങളും അവയ്ക്ക് ചുറ്റും ഗ്രഹങ്ങളും രൂപപ്പെടുമ്പോൾ അവയിൽ മൂലകങ്ങളെല്ലാം ഉണ്ടായിരിക്കും. സൂര്യൻ എന്ന നക്ഷത്രവും അതിനു ചുറ്റുമുള്ള 8 ഗ്രഹങ്ങളും ഇങ്ങനെ ഉണ്ടായതാണ്. അതിലൊരു ഗ്രഹത്തിൽ ജീവൻ ഉത്ഭവിച്ച്, വികസിച്ച് നമ്മളായ്ത്തീരാനുള്ള സാഹചര്യമുണ്ടായി. നമ്മളാണാഗ്രഹത്തിന് ഭൂമി എന്നു പേരിട്ടത്. നമ്മളിലെല്ലാം പണ്ടെന്നോ പൊട്ടിച്ചിതറിപ്പോയ ആദ്യ നക്ഷത്രത്തിൻ്റെ ധൂളികളുണ്ട്. We are made of star dust എന്ന് പ്രശസ്ത ജ്യോതിശ്ശാസ്ത്രജ്ഞൻ കാൾ    സാഗൻ പറയുന്നത് അർഥത്തിലാണ്.

ഇങ്ങനെ എത്ര കോടി സൂര്യന്മാർ, എത്ര കോടി ഭൂമികൾ, നക്ഷത്ര ധൂളികളടങ്ങിയ എത്രയെത്ര ജീവജാലങ്ങൾ! എന്നു നാം അവയെ കണ്ടെത്തും എന്നാർക്കും അറിയില്ല. പക്ഷേ കണ്ടെത്താതിരിക്കില്ല.

ഓരോ പ്രഭാതത്തിലും വിരിയുന്ന പൂക്കളിൽ നക്ഷത്ര ധൂളികളുണ്ട്. പാട്ടു പാടുന്ന ഓരോ കിളിയിലും അതുണ്ട്. സംഗീതം പൊഴിച്ചൊഴുക്കുന്ന ഓരോ പുഴയിലും അതുണ്ട്. അതല്ലേ അവയ്ക്കെല്ലാം ഇത്ര ചേതോഹാരിതനമ്മൾ അതെല്ലാം ക്യാൻവാസിൽ പകർത്താൻ ഉപയോഗിക്കുന്ന പെയിൻറുകളിലും അതുണ്ട്. അതല്ലേ അതൊക്കെ നമുക്ക് സുന്ദരമായി തോന്നുന്നത് !

അതെ, അതിവിശാലമായ പ്രപഞ്ചത്തിലെ നഷ്ടതാരങ്ങളുടെ ധൂളികളാണ് നമുക്കു ചുറ്റും ഉള്ളതെല്ലാം.

കലാകാർ കേരളയ്ക്ക് എൻ്റെ ആശംസകൾ.

 


Comments