ANIL K M
കമ്മ്യൂൺ എന്നത് ഒരു വലിയ ഭാവനയാണ്. മനുഷ്യബന്ധങ്ങൾക്ക് അത് സവിശേഷമായ മാനം നൽകുന്നു. രക്തബന്ധമല്ല സാമൂഹ്യബന്ധമാണ് മനുഷ്യരെ മനുഷ്യരാക്കുന്നതെന്ന് അത് വീണ്ടും വീണ്ടും നമ്മെ ഓർമിപ്പിക്കുന്നു.
കലാകാരന്മാരുടെ കമ്മ്യൂണിൽ മനുഷ്യർ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നത് അവർ ചെയ്യുന്ന പ്രവൃത്തിയിലൂടെ മാത്രമല്ല, അതിൻ്റെ ലക്ഷ്യം കൊണ്ടുകൂടിയാണ്. കല കലക്കുവേണ്ടി മാത്രമാണെന്ന് അവർ കരുതുന്നില്ല. കല അടിസ്ഥാനപരമായി ലോകത്തെ പുതുക്കിപ്പണിയുന്ന മനുഷ്യരുടെ അദ്ധ്വാനരൂപമാണെന്ന ഉത്തമബോധ്യമാണ് ഇതിലെ അന്തേവാസികളെ ശ്രദ്ധേയരാക്കുന്നത്.
ശരീരങ്ങൾക്കുമേൽ വിലങ്ങുവീണ കാലത്താണ് നാം ഇപ്പോൾ ജീവിക്കുന്നത്. ശരീരങ്ങളെ പരസ്പരം ഒളിപ്പിച്ച്, മരിക്കാതിരിക്കാനുള്ള കരുതലാണ് ജീവിതം എന്ന് സ്വയം വിശ്വസിപ്പിച്ച് ഇത്തിരിവട്ടത്തിൽ നാം തലപൂഴ്ത്തിയിരിക്കുകയാണ്. പക്ഷെ മനുഷ്യർക്ക് പരസ്പരം ചേരാതെ ജീവിതം അസാധ്യമായതുകൊണ്ട് നാം പലവിധേന ശരീരത്തെ അതിവർത്തിച്ചു അപരത്തിലേക്ക് എത്താൻ
ശ്രമിക്കുന്നു. കലയാണല്ലോ അതിനുള്ള മൗലികരൂപം. കലാകാർ എന്ന കൂട്ടായ്മ മനുഷ്യരുടെ ഉണ്മയ്ക്കു നല്കുന്ന ഈ പ്രതീക്ഷക്ക് എല്ലാ ഭാവുകങ്ങളും. ഈ കമ്മ്യൂണിന്റെ ഭാഗമാകാൻ കഴിഞ്ഞതിലുള്ള സന്തോഷവും അഭിമാനവും പങ്കുവെച്ച്
സ്നേഹാദരപൂർവ്വം
അനിൽ കെ. എം.
Comments