C B SUDHAKARAN
ഏതൊരു
കലാരൂപവും സാമൂഹികമായി പ്രതീകാത്മകമായ ഒരു ക്രിയ ആണെങ്കിൽതന്നെയും അത് പ്രയോജനരഹിതമായ
ഒരു പ്രയോജനമാണെന്നാണ് ഇമ്മാനുവൽ കാന്റ് പറയുന്നത്. ഒരു കാലാവസ്തു അത് സൃഷ്ടിക്കപ്പെടുന്ന
വർത്തമാനകാലത്തിനോട് മാത്രമല്ല സംവദിക്കുന്നത്. ഭാവിയോട് കൂടിയാണ്. സമൂഹത്തോട് സംവദിക്കുന്നതിനാലാണ്
അത് സാമൂഹിക ക്രിയ ആണെന്ന് പറയുന്നത്. അതിനു പ്രത്യക്ഷത്തിൽ സാമൂഹിക പ്രക്രിയകളിൽ ഇടപെടാനാകാത്തതിനാലാണ്
അത് പ്രതീകാത്മക ക്രിയയായിത്തീരുന്നത്. ഒരു കലാസൃഷ്ടി ആസ്വദിക്കപ്പെടുമ്പോൾ ആ സൃഷ്ടി ആസ്വാദകന്
ഭൗതികതലത്തിൽ പ്രയോജനങ്ങളൊന്നും നൽകുന്നില്ല. എന്നാൽ അത് അയാൾക്ക് ഒരുതരം സംതൃപ്തി
സമ്മാനിക്കുന്നുമുണ്ട്. അത് അമൂർത്തവുമാണ്. അങ്ങനെ അത് കാന്റ് പറയുന്ന പ്രയോജനരഹിതമായ
പ്രയോജനമാകുന്നു.
എന്തിനെയും
കീഴടക്കുവാനും വിഴുങ്ങുവാനും വക്രീകരിക്കുവാനും വികലമാക്കുവാനും കഴിവുള്ള കമ്പോളശക്തികൾ
കലയുടെ മണ്ഡലത്തിൽ ഇടപെടുമ്പോഴാണ് ഭൗതികതലത്തിൽ കലയ്ക്കും കലാകാരനും/ കാരിക്കും
കലാസൃഷ്ടിക്കും "പ്രയോജനം" ഉണ്ടാകുന്നത്. ആധുനികതയുടെ കാലഘട്ടം മുതൽ കമ്പോളത്തിന്റെ
കടന്നുകയറ്റം ക്രമേണ വർദ്ധിക്കുന്നതായി കാണാം. കമ്പോളാധിപത്യം എന്ന നിലയിലേക്ക് ഇന്ന്
അത് വളർന്നു വികസിച്ചിട്ടുണ്ട്. അതിന്റെ ഫലമായി ഒരു കലാകാരൻ/ കാരി ഉപയോഗിക്കുന്ന മാധ്യമം
പോലും നിർണയിക്കപ്പെടുന്നത് കമ്പോളശക്തികളുടെ താല്പര്യങ്ങൾക്കനുരൂപമായാണ്. തന്നെയുമല്ല,
ഒരു കലാസൃഷ്ടിയുടെ ഗുണദോഷങ്ങൾ, മേന്മ, മികവ്, തുടങ്ങി അതിന്റെ കലാപരമായ "നിലവാരം"
നിർണയിക്കപ്പെടുന്നത് കമ്പോളശക്തികൾ നിയന്ത്രിക്കുന്ന "മൂല്യങ്ങളു"ടെ മാനദണ്ഡങ്ങൾക്ക്
അനുസൃതമായുമാണ്.
ഈ
കമ്പോളാധിപത്യം ആവിഷ്ക്കാര സ്വാതന്ത്ര്യത്തെ പ്പോലും നിയന്ത്രിക്കുകയും, പലപ്പോഴും
ഹനിക്കുകയും ചെയ്യുന്നതാണ് എന്ന വസ്തുത എന്തുകൊണ്ടോ കലാകാരുടെ സമൂഹവും അറിഞ്ഞോ അറിയാതെയോ
അംഗീകരിക്കാറില്ല. ഒരു കലാകാരന്റെ/ കാരിയുടെ ഔന്നത്യവും സൃഷ്ടികളുടെ ഗുണനിലവാരവും നിർണയിക്കപ്പെടുന്നത്
കമ്പോളശക്തികളുടെ താല്പര്യങ്ങൾക്കനുസരിച്ചാണ് എന്ന അവസ്ഥയാണ് ഇവിടെ നിലനിൽക്കുന്നത്
എന്ന വസ്തുത ആരും നിഷേധിക്കുമെന്നു കരുതാനാവില്ല.
നമ്മുടെ
കൊച്ചു കേരളത്തിൽ കഴിഞ്ഞ മൂന്നു ദശാബ്ദക്കാലമായി നടന്നുവരുന്ന ചിത്ര-ശില്പ കലാക്യാമ്പുകളെക്കുറിച്ചു
സാർത്ഥകമായ ഒരുഅന്വേഷണം നടത്തിയാൽ ഈ പറഞ്ഞകാര്യങ്ങൾ ബോദ്ധ്യപ്പെടും. ഈ ക്യാമ്പുകളിൽ
ഏകദേശം പകുതിയോളമെങ്കിലും സ്വകാര്യസ്ഥാപനങ്ങളോ ഏജൻസികളോ ആണ് നടത്തിയിട്ടുള്ളത് എന്നത്
വസ്തുതയാണ്. ആ ക്യാമ്പുകളിലേക്ക് ക്ഷണിക്കപ്പെടാൻ
ആഗ്രഹമില്ലാത്തവർ ഉണ്ടാകുമെന്നു തോന്നുന്നില്ല. ക്ഷണിക്കപ്പെടുന്നവരെക്കുറിച്ചുതന്നെ
കലാകാർക്കിടയിൽ അഭിപ്രായഭിന്നതകളും ഉണ്ടാകാറുണ്ട് എന്നതും വസ്തുതയാണ്. കാരണം വളരെ വ്യക്തമായതിനാൽ
വിശദീകരിക്കുന്നില്ല. പ്രശ്നം, പക്ഷെ, അതല്ല. ആ ക്യാംപുകളിൽ രചിക്കപ്പെടുന്ന സൃഷ്ടികൾക്ക്
എന്ത് സംഭവിക്കുന്നു എന്നതിനെക്കുറിച്ചു കലാകാർക്കിടയിൽ വലിയവേവലാതികളില്ല എന്നതാണ്
അലോസരമുളവാക്കുന്നത്. ക്യാമ്പുകളുടെ സ്പോൺസർമാർക്കാണ് സൃഷ്ടികൾക്കുമേൽ പൂർണ്ണ അവകാശവും
അധികാരവും എന്നു വരുമ്പോൾ രചയിതാവായ കലാകാരന്റെ/കാരിയുടെ സ്ഥാനം എവിടെയാണ് അടയാളപ്പെടുത്തപ്പെടുന്നത്?
നമ്മുടേതുപോലുള്ള
ഒരു സാമൂഹിക -സാമ്പത്തികക്രമത്തിൽ കമ്പോളശക്തികളുടെ അധീശത്വത്തെ പ്രതിരോധിക്കുക ശ്രമകരമാണ്
എന്ന കാര്യത്തിൽ രണ്ടുപക്ഷമുണ്ടാകാനിടയില്ല. അതിജീവനത്തിനായി ക്ലേശിക്കേണ്ടിവരുന്ന
കലാകാർക്ക് ഇത് ചിന്തിക്കാൻപോലുമാകില്ല. നിലവിലുള്ള വ്യവസ്ഥയിൽ അതിന്റെ നിയമകങ്ങൾക്കനുസരിച്ചു
മുന്നോട്ടു പോകുക എന്നതിനപ്പുറം ആലോചിക്കാൻ അവർക്കാവില്ല. എങ്കിലും ബദൽസാദ്ധ്യതകൾ ആരായുവാൻ
കൂട്ടായ്മകൾക്ക് കഴിയും. ഒരു സാദ്ധ്യത കലാകാർ പോലുള്ള ഒരു കൂട്ടായ്മ സംഘടിതമായി കലാകമ്പോളത്തിൽ
സക്രിയമായി ഇടപെടുക എന്നതാണ്. പ്രാദേശികതലത്തിൽ ഈ സാദ്ധ്യത പ്രയോജനപ്പെടുത്താനാകും
എന്നാണ് അനുഭവം പഠിപ്പിക്കുന്നത്. 2018 ലെ പ്രളയകാലത്ത് അക്കാദമിയുമായി ചേർന്ന് കലാകാരുടെ
കൂട്ടായ്മ നൂറുകണക്കിന് കലാസൃഷ്ടികൾ മിതമായ നിരക്കിൽ കേരളത്തിൽ വിറ്റഴിച്ചതാണ്. അത്
മേൽസൂചിപ്പിച്ച ബദൽ അന്വേഷണങ്ങൾക്ക് ഊർജ്ജം പകരേണ്ടതാണ്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായുള്ള
എളിയ സംഭാവന എന്നനിലയിലാണ് ചിത്രങ്ങൾ വാങ്ങുവാൻ ആളുകൾ പ്രാഥമികമായി പ്രേരിതരായത് എന്നത്
ശരിതന്നെയാണ്. പക്ഷെ ചിത്രങ്ങളുടെ മിതമായ നിരക്കും ഒരു പ്രധാനപ്പെട്ട ഘടകമായിരുന്നു
എന്നത് നാം കാണാതെ പോകരുത്. തങ്ങളുടെ വാങ്ങൽ ശേഷിയുടെ പരിധിക്കുള്ളിലാണ് കലാസൃഷ്ടികൾ
എങ്കിൽ അവ വാങ്ങുവാനും മലയാളി സമൂഹം ഒരുക്കമാണെന്ന് വ്യക്തമാക്കിയതാണ് ആ സംരംഭം.
അതു
കൊണ്ടുതന്നെ സമാനമായ സംരംഭങ്ങൾ തുടങ്ങുതിനെക്കുറിച്ചു കലാകാരുടെ കൂട്ടായ്മ സജീവമായി
ചിന്തിക്കേണ്ടതുണ്ട്. കമ്പോളശക്തികളുടെ ആധിപത്യത്തെ പ്രതിരോധിക്കുവാനും തങ്ങളെ ചൂഷണംചെയ്യുന്നതിനെ
ഒരുപരിധിവരെ ചെറുക്കുവാനും ഈ കൂട്ടായ്മകൾക്ക് കഴിയും. അത്കലാകാരുടെ സമൂഹത്തിനു വലിയൊരു
സഹായമാവുകയും ചെയ്യും. മേൽപ്പറഞ്ഞ ബദൽസംവിധാനത്തിന് രൂപം കൊടുക്കുന്നതിനുള്ള ഒരു തുടക്കമായും
ഇതിനെ കാണാം. ബെർതോൾഡ് ബ്രെഹ്ത് സൂചിപ്പിക്കുന്നതുപോലെ തുടങ്ങുക എന്നതുതന്നെയാണ് പ്രധാനം.
ഒരു മോശം തുടക്കംപോലും തുടങ്ങാതിരിക്കുന്നതിനേക്കാൾ സ്വാഗതാർഹമാണ് എന്ന് അദ്ദേഹം പറയുന്നതും
അതുകൊണ്ടുതന്നെയാണ്.
കേരള
സമൂഹത്തെ സാംസ്കാരികമായി ഉയർത്തുന്നതിനും ഇത്തരമൊരു സംരംഭത്തിന്കഴിയും. ചിത്രങ്ങളും
ശില്പങ്ങളും കാണുന്നത് ജീവിതത്തിന്റെ ഒരു ശീലമായി പരിഗണിക്കാൻ നമ്മുടെ സമൂഹത്തെ പ്രേരിപ്പിക്കുവാനും
അതിനു പ്രചോദനം നൽകുന്ന ചാലകശക്തിയാകാനും അത്തരമൊരു സംരംഭത്തിന്കഴിയണം. രാഷ്ട്രീയമായും
അതിനുവളരെയേറെ പ്രസക്തിയുണ്ട്. ജീവിതയാഥാർത്ഥ്യങ്ങളെ വിമർശനാത്മകമായി സമീപിക്കാനുള്ള
പ്രേരണനൽകുവാൻ കലയുടെ പ്രബോധനശേഷിക്കു കഴിയും.
Comments