Johns Mathew



'ലാകാർ കേരളം' എന്ന പേരിലുള്ള സൗഹൃദ കൂട്ടായ്മ കലാകാരി/ കലാകാരന്മാരുടെ അതിജീവന സാധ്യതയും കലാപ്രവർത്തനത്തിലെ നൂതന ആശയങ്ങൾ അന്വേഷിക്കുന്നതിനും പ്രാവൃത്തികമാക്കുന്നതിനുമായി കേരളത്തിലെ കാലാകാര കൂട്ടായ്മയിലൂടെ രൂപീകരിക്കപ്പെട്ടതാണ്.

ഒരു സമൂഹത്തിൻറെ സാംസ്കാരിക സ്പന്ദനങ്ങൾ പ്രകാശിപ്പിക്കുന്ന മാധ്യമമാണ്‌ കലാസൃഷ്ടികൾ എന്നിരിക്കെ കല ഉപജീവന മാർഗ്ഗമായി സ്വീകരിച്ച കലാകാര സമൂഹത്തിൻറെ അതിജീവന സാധ്യതയെ അന്വേഷണാത്മകമായി സമീപിക്കുന്നതിനുള്ള ശ്രമത്തിൻറെ ഭാഗമായാണ് കലാകാർ കമ്യൂണുകൾക്കു വിവിധ ജില്ലകളിൽ 'കലാകാർ കേരളം' തുടക്കം കുറിച്ചത്.

 'കലാകാർ കമ്യൂണി' ൻറെ ആദ്യത്തെ സഹവാസ കൂട്ടം ഒക്ടോബർ 2018  കോഴിക്കോടുള്ള എൻറെ വീട്ടിൽ വച്ചായിരുന്നു തുടക്കം കുറിച്ചത്കലാസംവാദങ്ങൾ സ്ഥിരം വേദികളിൽ നിന്ന് പുതിയ ഇടത്തിലേക്ക് വികസിപ്പിക്കുന്നതിന്റെ  ഭാഗമായി സൗഹൃദവും പരസ്പര സഹവർത്തിത്വത്തോട് കൂടിയും യോജിച്ചും വിയോജിച്ചും വ്യത്യസ്ത മേഖലകളെക്കുറിച്ചുള്ള സംവാദങ്ങളിൽ ഇടപെട്ടും പാചകം ചെയ്തും ചെലവഴിച്ച മൂന്ന് ദിവസങ്ങൾ കേരളത്തിലെ കലാ മേഖലയിൽ ആദ്യമായാണ് നടന്നത്

പിന്നീട് തൃശൂർ, എറണാംകുളം എന്നീ സ്ഥലങ്ങളിൽ സംഘടിപ്പിച്ച കലാകാർ കമ്യൂണിൽ പങ്കെടുത്ത കലാകാരി/ കലാകാരന്മാർക്ക് വൈവിധ്യമാർന്ന പഠന മേഖലകളുമായി ഇടപഴകുവാനുള്ള അവസരം ഒരുക്കി.

 ചിത്രകലക്കു പുറമെ തത്വചിന്ത, കലാ ചരിത്രം, സാംസ്കാരിക വിമർശം, ജ്യോതിശാസ്ത്രം, വാസ്തുവിദ്യ, സൈദ്ധാന്തിക പഠനം, ഭാഷാശാസ്ത്രം, പ്രകടനാത്മക കലനവ മാധ്യമ കല തുടങ്ങി വിവിധ വിഷയങ്ങളിൽ സജീവമായ പ്രമുഖരുമായുള്ള  സംവാദങ്ങളിൽ പങ്കെടുത്ത കലാകാരികൾക്കും കലാകാരന്മാർക്കും പുതിയൊരു ഉണർവ്വും ദിശാബോധവും നൽകിദൃശ്യ കലയുടെ പരിപോഷണത്തെ സഹായകരമാകുന്ന വിവിധ മേഖലകളിലുള്ള പ്രമുഖരുമായുള്ള സംവാദം കലാമേഖലയിലെ വേറിട്ട സമീപനമായിരുന്നു.

 ചിത്ര ശിൽപ കലയെ ഉപജീവിച്ച് കഴിയുന്ന അനവധി കലാകാരൻമാർ കേരളത്തിലുണ്ട്. എന്നാൽ അവരുടെ അതിജീവന സാധ്യതയെ പിൻതുണക്കുന്ന പദ്ധതികൾ കൂടുതലും ആവിഷ്ക്കരിച്ചു നടത്തുന്നത് ലളിതകലാ അക്കാദമിയും സ്വകാര്യ ഗാലറികളും മറ്റു സാംസ്കാരിക സംഘടനകളും കലാസൗഹൃദ കൂട്ടായ്മകളുമാണ്.  

കലയുടെ രാഷ്ട്രീയവും ബൗദ്ധികതയും ഉരുത്തിരിയുന്നത് സൗഹൃദ സംവാദ സദസുകളിലൂടെയാണെന്നതിന് കലാകാർ കമ്യൂൺ ദിനങ്ങൾ സാക്ഷ്യം വഹിച്ചു. കലാകാരന്മാരുടെയോ കലാസ്വാദകരുടെയോ സ്റ്റുഡിയോവാസസ്ഥലം  തുടങ്ങിയവ കേന്ദ്രീകരിച്ചു നടത്തുന്ന അനൗപചാരിക ചിത്രകലാ കമ്യൂണുകൾ സൗഹൃദത്തിലധിഷ്ഠിതമായിരുന്നു എന്ന തിരിച്ചറിവ് കോവിഡ് നിയന്ത്രണങ്ങൾ മൂലം അന്യമാകുന്ന സൗഹൃദ കൂട്ടായ്മകൾ ഓർമ്മപ്പെടുത്തുന്നു.

 'കോവിഡ് 19' മഹാമാരി മൂലം ദൈനം ദിന ജീവിതത്തിൽ നേരിടേണ്ടി വന്ന കർശന നിയന്ത്രണങ്ങൾ പല വിധത്തിലുമുള്ള  

വലിയൊരു തിരിച്ചറിവാണ് മനുഷ്യർക്ക് നൽകിയത്. സ്വന്തം വാസ സ്ഥലങ്ങളിലും മറ്റു സുരക്ഷിത സ്ഥാനങ്ങളിലും മാത്രം ഒതുങ്ങി കഴിയുവാൻ നിർബന്ധിതരായ അനേകം മനുഷ്യർക്കും ഭൗതികമായ സുഖസൗകര്യങ്ങളെക്കാളേറെ കലയും മറ്റു വിവിധ രീതിയിലുള്ള സർഗ്ഗാത്മക കഴിവുകളുടെയും പ്രകാശനമാണ് മാനസികോല്ലാസത്തിനും അതിജീവന സാധ്യതയുടെ ഉത്തേജകവുമായി പ്രവർത്തിച്ചത്

ചിത്രകല, ശിൽപ്പകല, നാടകം, നൃത്തം, കഥ, സംഗീതം, അഭിനയം തുടങ്ങിയ ഭാവനപരമായ സർഗ്ഗാത്മക കഴിവുകൾ പുറത്തെടുത്താണ് 'അടച്ചു പൂട്ടൽജീവിതത്തെ മനുഷ്യർ സന്തോഷപ്രദമാക്കിയത്.ഈയൊരവസരത്തിൽ ഭാവനാധിഷ്ഠിതമായ കലാ ആവിഷ്കാരം മനുഷ്യ ജീവിതത്തിലെ അനേകം മേഖലകളിൽ അനിവാര്യമാണെന്ന് സൂചിപ്പിക്കുവാൻ ആഗ്രഹിക്കുന്നു.

 ദൃശ്യകലയുടെ പ്രാധാന്യത്തെ അവഗണിക്കുന്ന വിദ്യാഭ്യാസ രീതിയാണ് കേരളത്തിൽ നില നിൽക്കുന്നത്. കുട്ടികളുടെ സർഗ്ഗാത്മക കഴിവുകളെ ചെറു പ്രായത്തിൽ വളർത്തിയെടുക്കേണ്ട പ്രാധാന്യത്തെ അവഗണിച്ചു കൊണ്ട് തൊഴിൽ ലഭിക്കുന്നതിന് മാത്രമായി രൂപപ്പെടുത്തുന്ന വിദ്യാഭ്യാസ സമ്പ്രദായത്തിൽ അഴിച്ചു പണി അനിവാര്യമാണ്.  

കലാപഠനത്തിലേർപ്പെടുന്ന വ്യക്തിയുടെ ഭാവനാശേഷിയുടെ നൈപുണ്യത്താൽ രൂപം കൊള്ളുന്നത് കൊണ്ടാണ് ദൃശ്യകല മറ്റു പാഠ്യവിഷയങ്ങളിൽ നിന്നും വ്യത്യസ്തമാകുന്നത്. കലാ വിദ്യാഭ്യാസം വഴി ഓരോ വ്യക്തിയുടെയും ഭാവനശേഷിയുടെ വികാസത്തിന് അവസരം ലഭിക്കുന്നത് വഴി ഭാവിയിൽ കഴിവുകൾ മറ്റു മേഖലകളിൽ പ്രയോഗിക്കുവാൻ സഹായകരമാകുകയും ചെയ്യുന്നു.

 മറ്റു പാഠ്യവിഷയങ്ങളെ പോലെ ഹൃദിസ്ഥമാക്കി അവതരിപ്പിക്കുന്നതോ പകർത്തുന്നതോ വിഷയം അനുകരണീയമല്ല. അത് കൊണ്ട് തന്നെ വ്യതിരിക്തമായ ഭാവനയുടെ പരമാവധി കഴിവുകൾ പ്രകടിപ്പിക്കുന്നതിലൂടെ വ്യക്തിയുടെ ചിന്താ ശേഷി സമ്പുഷ്ടമാകുന്നതിന് സഹായകരമാകുന്നു. ഭാവനാ ശേഷി വികസിതമാകുവാൻ പ്രാപ്തമാക്കുന്ന വിദ്യാഭ്യാസം കുട്ടികൾക്ക് നൽകുന്നത് വഴി മാനസികാരോഗ്യവും ചിന്താശേഷിയും സമ്പുഷ്ടമായ പുതിയ തലമുറയെ രൂപപ്പെടുത്തുന്നതിൽ ദൃശ്യകല വലിയൊരു പങ്കുവഹിക്കുന്നുണ്ട്.

അവികസിതമായ ദൃശ്യസാക്ഷരത നില നിൽക്കുന്ന കേരളത്തിലെ കലാസ്നേഹികളെയും ആസ്വാദകരെയും തിരിച്ചറിയുന്നതിന് കലാകാർ കമ്യൂൺ ഇടയാക്കി എന്ന വസ്തുത ഇവിടെ സന്തോഷത്തോടുകൂടി പങ്കുവെക്കുവാൻ ആഗ്രഹിക്കുന്നു. വ്യത്യസ്തമായ സമീപനത്തോടെ സംഘടിപ്പിച്ച 'കലാകാർ കമ്യൂൺ' നടത്തിപ്പിനാവശ്യമായ സാമ്പത്തിക സഹായം നൽകിയത് കേരളത്തിലെ കലാസ്നേഹികളാണ്. അതുപോലെ കമ്യൂണിൽ പങ്കെടുത്ത കലാകാരികളും കലാകാരന്മാരും പ്രമുഖ പ്രഭാഷകരും കാംപ് സജ്ജീവമാക്കി നിലനിർത്തിയതും ചിത്രങ്ങൾ വരച്ചു നൽകിയതും തീർത്തും സൗജന്യമായാണ്.


കലാകാര സമൂഹത്തിൻറെ അതിജീവന സാധ്യതകൾക്കും സൗഹൃദത്തിനും പ്രാധാന്യം നൽകി കൊണ്ടും കലാകമ്പോളം രൂപപ്പെടുത്തിയ സൗന്ദര്യ സങ്കൽപ്പങ്ങളുടെ മാനദണ്ഡങ്ങളെ ആശ്രയിക്കാതെയും തിരഞ്ഞെടുത്ത കലാകാരികളുടെയും കലാകാരന്മാരുടെയും സൗഹൃദ സഹവാസ കമ്യൂൺ കേരളത്തിലെ കലാകാര സമൂഹത്തിനു വലിയൊരു പ്രതീക്ഷ നൽകുന്നുണ്ട്.  


Comments