Shinoj choran



ലോകത്തെ ആകെ പരിണമിപ്പിച്ചുകൊണ്ട് കോവിഡ് 19 പടരുകയാണ്. സമസ്ത മേഖലകളും  മാറ്റപ്പെട്ടു. ജനങ്ങളുടെ സ്വാഭാവികജീവിതത്തെ തകിടംമറിയ്ക്കുകയും സാമൂഹിക-സാമ്പത്തിക സ്ഥിരത നഷ്ടപ്പെടുത്തുകയും ചെയ്തിരിക്കുന്നു. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ലോകം മുഴുവൻ ബാധിക്കുന്ന തരത്തിൽ സംഭവിച്ച ഒരു മഹാമാരി ആയി കോവിഡ് 19 വിലയിരുത്തപ്പെടുന്നു. ഇനി മുന്നോട്ട് എങ്ങനെ എന്ന് ചിന്തിക്കുന്ന സമൂഹത്തിൽ കലയ്ക്കുള്ള സ്ഥാനമെന്താണ്? അകലത്തായിരിക്കാൻ നിർബന്ധിതരാകുന്ന ഘട്ടത്തിൽ  കലാപ്രദർശ്ശനവും കലാസ്വാദനവും ഏതുവിധത്തിലാകും? കലാകൃത്തുക്കളുടെ ഉപജീവനം ഇനി എന്തിനെ ആശ്രയിച്ചിരിക്കും?? ഇങ്ങനെ നിരവധി ചോദ്യങ്ങളെക്കൂടി മഹാമാരി ഉദ്പാദിപ്പിക്കുന്നുണ്ട്.

കല എല്ലാത്തരംനിരോധനങ്ങളെയുംഅതിവർത്തിക്കും! അതിനെ ഏറെക്കാലം ഒതുക്കിവെക്കാനോ ഒഴിവാക്കാനോ സാധ്യമല്ല. കല സ്വയം പരിവർത്തനത്തിന് വിധേയപ്പെടുകയും സ്വയം വെട്ടുന്ന മറ്റ് വഴികളിലൂടെ അതിന്റെ ഗമനം സാദ്ധ്യമാക്കുകയും ചെയ്യും. കലയുടെ ചരിത്രത്തിൽ തന്നെ അതിനുള്ള നിരവധി ഉദാഹരണങ്ങൾ കാണാൻ കഴിയും.

കലയിൽ അതുവരെ നിലനിന്ന ക്ലാസ്സിക്കൽചിട്ടവട്ടങ്ങളെ തള്ളിക്കളഞ്ഞുകൊണ്ട് ഇംപ്രഷനിസ്റ്റുകൾ സ്റ്റുഡിയോകളെയും മോഡലുകളെയും വിട്ട് തെരുവുകളിലേക്കിറങ്ങിയത്, ഒന്നാംലോകമഹായുദ്ധാനന്തരം ലോകത്തെമ്പാടും  സംഭവിച്ച സവിശേഷസാഹചര്യത്തോടുള്ള പ്രതികരണം എന്ന നിലയിൽ ജർമ്മനിയിൽ എക്സ്പ്രഷനിസ്റ്റ് മൂവ്മെന്റ് സാദ്ധ്യമാകുന്നത്, ഇങ്ങ് ഇന്ത്യയിൽ കൊളോണിയൽ അടിമത്തത്തിനെതിരെ നിന്ന് സ്വദേശീയമായ രചനാരീതികൾ ഉപയുക്തമാക്കി ശാന്തിനികേതനും ബംഗാൾസ്കൂളും സാദ്ധ്യമായത്.. അങ്ങനെ ഏതൊക്കെ പ്രതിസന്ധികളോട് പൊരുതിയാണ് കല ആധുനികതയെയും ഉത്തരാധുനികതയെയും പുൽകിയത്

 കല പ്രതിരോധഭാഷ കൂടിയാണ്കലയ്ക്ക് അങ്ങനെയല്ലാതെ നിലനിൽക്കാനാവില്ല. സ്വച്ഛന്ദമായ സമൂഹത്തിൽ കലയ്ക്ക് വലിയ പരിണാമങ്ങൾ ഉണ്ടായിട്ടില്ലെന്ന് കലാചരിത്രം പരിശോധിച്ചാൽ നമുക്ക് മനസ്സിലാകും. എന്നാൽ കലുഷിതമായ സാഹചര്യങ്ങളിൽ സമൂഹത്തെ മുഴുവൻ നയിക്കാൻ പര്യാപ്തമായ മുന്നണിപ്പോരാളി ആകാൻ കലയ്ക്ക് സാധിച്ചിട്ടുണ്ട്. രണ്ടാം ലോക മഹായുദ്ധാനന്തരമാണ് ലോകത്തെ മാറ്റിമറിച്ച കലാസൃഷ്ടികളും കലാപ്രസ്ഥാനങ്ങളിൽ ഭൂരിഭാഗവും ഉരുവംകൊണ്ടത്. പ്രതിസന്ധികളോടുള്ള കലാകാരപ്രതികരണം എന്നനിലയിലാണ് അതെല്ലാം സംഭവിക്കുന്നത്. ഉദാഹരണമായി , സ്പാനിഷ് സിവിൽ യുദ്ധകാലത്ത് ബാസ്ക് നഗരത്തിൽ നാസിആർമി വർഷിച്ച ബോംബിങിനോടുള്ള ഉടനടിയുള്ള പ്രതികരണമായിരുന്നു പാബ്ലോ പിക്കാസോയുടെ ഇന്നും ചർച്ച ചെയ്തു തീരാത്ത ഗോർണിക്ക(1937) ഏതൊരു യുദ്ധത്തിന്റെയും ഭീബത്സതയെ അടയാളപ്പെടുത്തുന്ന സ്മാരകമായി അത്

ഇവ്വിധം കലയുടെ പ്രതിരോധഭാഷയെ ഉപയുക്തമാക്കിക്കൊണ്ട് സമൂഹത്തിനെ മുന്നോട്ടു നയിക്കാനുള്ള സന്നദ്ധതയെ കൂട്ടായ പരിശ്രമങ്ങളിലൂടെ പ്രായോഗികമാക്കേണ്ടതുണ്ട്. കോവിഡ് അനന്തരകാലത്തെ കല ഒരിക്കലും മുമ്പത്തെപ്പോലെയാകാൻ സാധുതയില്ല. മാറിയ കാലത്തെ വ്യാഖ്യാനിക്കാൻ മാറിയ ആശയങ്ങൾ കൊണ്ടേ സാധിക്കുകയുള്ളൂ . വഴിമാറി ഒഴുകുക തന്നെ വേണം

അടഞ്ഞുകിടക്കുന്ന ഗാലറികൾ എന്ന് തുറക്കും എന്ന് ആരായാതെ ഓൺലൈൻ പ്രദർശനങ്ങൾ കൊണ്ട് അതിനെ പകരംവെക്കുന്നതിൽ അത്തരം മാറ്റങ്ങളുടെ നാന്ദി കുറിച്ചുകഴിഞ്ഞു. ലോകത്തിന്റെ ഏത് കോണിലിരുന്നും കലാകൃത്തുക്കൾക്ക് അതിൽ തങ്ങളുടെ സൃഷ്ടികൾ പ്രദർശിപ്പിക്കാമെന്നാകുന്നു. അതിവിശാലമായ ഓൺലൈൻ പ്ളാറ്റ്ഫോം ലോകത്തെ മുഴുവൻ കാണിയെയും ഉൾക്കൊള്ളുന്നു.. എന്നീ ഗുണവശങ്ങൾ നിലനിൽക്കുമ്പോഴും  അതിന്റെ പരിമിതികളെക്കൂടെ ചർച്ചയ്ക്കെടുക്കേണ്ടതുണ്ട്.

ഒരു പെയ്റിംഗിന് അതിന്റെ ഇമേജ് എന്ന നിലയിൽ സംവേദനക്ഷമമാകാൻ ഏറിയ സാധുത നിലനിൽക്കുമ്പോഴും ഒരു ശില്പത്തിനോ  പ്രതിഷ്ഠാപനത്തിനോ അത്തരം സംവ്വേദനസാധുത തുലോം കുറവാണ്. ത്രിമാനതയെ ഒരിക്കലും അതിന്റെ ദ്വിമാനഇമേജിലൂടെ പൂർണ്ണമായും  പ്രകടിപ്പിക്കാനാവില്ല എന്നതുതന്നെ കാരണം. അതിന് വീഡിയോ ഉപയുക്തമാക്കേണ്ടിവരുന്നു. അപ്പോഴും അവിടെ കാണിയുടെ വീക്ഷണകോണിലൂടെയല്ല വീഡിയോയിലെ ദൃശ്യങ്ങൾ പ്രക്ഷേപണം ചെയ്യപ്പെടുന്നത്. അതായത് ഗാലറിയിലോ പൊതുഇടപ്രദർശ്ശനസ്ഥലത്തോ സന്നിഹിതരാകുന്ന കാണി അല്ല ഓൺലൈൻ പ്രദർശ്ശനഇടത്തെ കാണി. നോട്ടവും  കാഴ്ചയും  അനുഭവവും ആസ്വാദനവും എല്ലാം വ്യത്യാസപ്പെടുംഅത്തരത്തിൽ കാണിയുടെ സ്വാഭാവിക നോട്ടത്തിന് ഭംഗം സംഭവിപ്പിക്കാത്ത നവസങ്കേതങ്ങൾ കലയിലും കലാപ്രദർശ്ശനങ്ങളിലും ഉണ്ടാകേണ്ടതിന്റെ സാദ്ധ്യതകളെക്കുറിച്ച് കലാകൃതസമൂഹം വിചിന്തനം നടത്തേണ്ടതുണ്ട്

സാമൂഹികസാഹചര്യങ്ങൾ മാറ്റപ്പെട്ടതിനാൽ മറ്റേത് മേഖലയിലും അത് പ്രതിഫലിക്കുമ്പോൾ കലാകൃത്തുക്കൾ മാറ്റങ്ങൾക്കൊപ്പമോ അതിന്റെ മുന്നണിപ്പോരാളികളായോ നിൽക്കേണ്ടത് അനിവാര്യതയാണ്. അത്തരത്തിൽ സൃഷ്ടിപരമോ ആശയപരമോ മാധ്യമപരമോ ആയി നവീനത അവകാശപ്പെടാവുന്ന കലാസൃഷ്ടികൾ ആവും മാറുന്ന സാഹചര്യങ്ങളെ സർഗ്ഗാത്മകമായി അടയാളപ്പെടുത്താൻ പര്യാപ്തം

Comments