MUKUNDANUNNI






സംഗീതത്തിന്റെ തത്വചിന്ത സംഗീതത്തിന്റെ സൗന്ദര്യശാസ്ത്രത്തേക്കാള്‍ ബൃഹത്താണ്. സൗന്ദര്യചിന്ത സംഗീതത്തിന്റെ ഉള്ളിലേയ്ക്ക് നോക്കുമ്പോള്‍ തത്വചിന്ത സംഗീതത്തെ സാധ്യമാക്കുന്ന എല്ലാ വശങ്ങളേയും ശ്രദ്ധിക്കുക മാത്രമല്ല സൗന്ദര്യചിന്തയെ തന്നെ അഴിച്ച് പരിശോധിക്കും.    

സംഗീതത്തിന്റെ ചക്രവാളം പാടിയും കേട്ടും ആസ്വദിക്കുന്നതില്‍ മാത്രം ഒതുങ്ങുന്നില്ല.  സംഗീതം ജീവിതത്തിന്റെ പ്രകൃതിയായി മാറാം.  മനുഷ്യരെ ചലിപ്പിക്കാനും നൃത്തം ചെയ്യിപ്പിക്കാനും സംഗീതത്തിന് കഴിയും.  നാം സംഗീതത്തിലൂടെ ചിന്തിക്കുകയും ഭാവപ്രകടനം നടത്തുകയും ചെയ്യുന്നുണ്ട്.  വിഷയികളുടെ സ്വത്വരൂപീകരണവും സംഗീതവും തമ്മില്‍ അടുത്ത ബന്ധമുണ്ട്.  സംഗീതവുമായി തന്മയീകരണം നടക്കാം.  ചിലരുടെ തന്മതന്നെ ഏതെങ്കിലും സംഗീതമാണ്.  ഇതെല്ലാം സൂചിപ്പിക്കുന്നത് എന്താണ് സംഗീതം എന്ന ചോദ്യത്തെ അനവധി രീതികളില്‍ അഭിമുഖീകരിക്കാനുള്ള സാധ്യതകള്‍ ഉണ്ടെന്നാണ്.    

കമ്പോളത്തെ സംബന്ധിച്ചിടത്തോളം സംഗീതം കമ്പോളത്തെ സഹായിക്കുന്ന ഒരു ഘടകമാണ്.  പരസ്യത്തില്‍ സംഗീതത്തിന്റെ ധര്‍മ്മം വില്‍പ്പനയെ സഹായിക്കുന്ന മനോഗതി നിര്‍മ്മിക്കലാണ്.  സംഗീതമല്ല ഈ സന്ദര്‍ഭത്തില്‍ കേന്ദ്ര ഉപഭോഗവസ്തു.  സംഗീതം വില്‍പ്പനയുടെ പശ്ചാത്തലം മാത്രമാണ്.  ഇപ്പോള്‍ ജനപ്രിയ സംഗീതവും വിപണനത്തെ വളരെയധികം സഹായിക്കുന്നുണ്ട്.  ജനപ്രിയ സംഗീതം സ്വാധീനമുള്ള മാധ്യമമായതുകൊണ്ട് അത് കൈയ്യാളാന്‍ രാഷ്ട്രീയ ശക്തികളും കമ്പോള ശക്തികളും ശ്രമിക്കും.  ജനപ്രിയ സംഗീതവും ഈ ശക്തികളും കൈകോര്‍ത്ത് ഒരു പ്രത്യേക ബന്ധം സ്ഥാപിക്കും.  ജനപ്രിയ സംഗീതത്തിലൂടെ രാഷ്ട്രീയ ശക്തിയ്ക്ക് ജനങ്ങളെ സ്വാധീനിക്കാന്‍ കഴിയുന്നതുപോലെ ജനപ്രിയ സംഗീതത്തിന് രാഷ്ട്രീയ ശക്തിയുടെ തണലില്‍ കൂടുതല്‍ ശക്തി പ്രാപിക്കാനും കഴിയും.    

ആഗോള തലത്തില്‍ നോക്കുമ്പോള്‍ 1960 കളിലെ സംഗീതം സാമൂഹിക മാറ്റത്തിന്റെ സംഗീതമാണ്.  70 കളുടെ അവസാനത്തില്‍ സംഗീതം സാമ്പത്തികമായ പതനത്തിന്റെ സംഗീതമാണ്. വിപ്ലവാത്മക സംഗീതധാരകളില്‍ പലതും പിന്നീട് മുഖ്യധാരയില്‍ വിറ്റഴിയുന്ന സംഗീതങ്ങളായിട്ടുണ്ട്.  ഓരം ചേര്‍ക്കപ്പെട്ടിരുന്ന കറുത്ത പാട്ട് പിന്നീട് വലിയ വേദികളിലെത്തിയപ്പോള്‍ ടിക്കറ്റിന് കാശില്ലാത്തവര്‍ പുറത്ത് നില്‍ക്കേണ്ടി വന്നു.      

ഈണലയങ്ങളുടെ ഏകോപനത്തിലൂടേയും ശ്രുതിമാധുര്യത്തിലൂടെയും താളബദ്ധതയിലൂടേയും കാലത്തിന്റെ പ്രതലത്തില്‍ മെനയുന്ന ശബ്ദവീചികളാണ് സംഗീതം എന്ന നിര്‍വ്വചനം ഏറെക്കുറെ പൂര്‍ണ്ണമാണെന്ന് തോന്നാം.  എന്നാല്‍ ഈ നിര്‍വ്വചനത്തില്‍ അടങ്ങിയിട്ടുള്ള വിമര്‍ശന വിധേയമാക്കാതെ സ്വീകരിച്ചിട്ടുള്ള ധാരണകളെ പരിശോധിക്കുകയാണെങ്കില്‍ ആ ധാരണകളാല്‍ നിര്‍ണ്ണയിക്കപ്പെടുന്ന ഒരു പ്രത്യേക സംഗീതത്തെയാണ് പ്രസ്തുത നിര്‍വ്വചനം പ്രതിപാദിക്കുന്നത് എന്ന് മനസ്സിലാക്കാന്‍ കഴിയും. റ്റോണല്‍ സംഗീതവും എയ്‌റ്റോണല്‍ സംഗീതവും തമ്മിലുളള വ്യത്യാസം ഈ നിര്‍വ്വചനത്തിനകത്ത് ഒരു ചെറിയ പിളര്‍പ്പ് സൃഷ്ടിക്കുന്നുവെങ്കില്‍ ജോണ്‍ കെയ്ജിന്റെ സംഗീതത്തില്‍ പ്രസ്തുത നിര്‍വ്വചനം വലിയ നീക്കുപോക്കുകള്‍ക്ക് തയ്യാറാകേണ്ടി വരുന്നുണ്ട്. അതായത്, ടൈപ്പ്‌റൈറ്ററിന്റെ ശബ്ദം, ആശാരിപ്പണിയുടെ ശബ്ദം, വാഹന ഗതാഗതത്തിന്റെ ശബ്ദം എന്നിവയെ ജോണ്‍ കെയ്ജ് സംഗീത രചനയില്‍ ഉപയോഗിക്കുമ്പോള്‍ ശബ്ദങ്ങള്‍ മുകളില്‍ പറഞ്ഞ നിര്‍വ്വചനത്തെ അനുസരിക്കുന്നില്ല.  എങ്കിലും നാദാത്മകതയുടെ വലിയ ഒരു ഘടനയുടെ അകത്താണ് നാദരാഹിത്യത്തിന്റെ ശബ്ദവീചികള്‍ അന്വര്‍ഥമാകുന്നത് എന്ന് ചിന്തിക്കുമ്പോള്‍ നാദരഹിത സംഗീതം നാദാത്മക സംഗീതത്തിന്റെ ഒരു ഉപവിഭാഗമാകുന്നേയുള്ളൂ എന്നും മനസ്സിലാക്കാന്‍ കഴിയും.      

സ്വയംശാസിതമാണ് (autonomous) സംഗീതം എന്ന് നിരൂപിക്കുകയാണെങ്കില്‍ സംഗീതത്തിന് അകത്തുതന്നെയാണ് അര്‍ഥോത്പാദനം. ഇത് ഫോര്‍മലിസ്റ്റ് നോട്ടമാണ്.  മറിച്ച്, ഹൈഡഗ്ഗര്‍ പറയുന്നത് ഫോര്‍മലിസ്റ്റ് രീതിയായി തോന്നാമെങ്കിലും വ്യത്യസ്തമാണ്.  കലയുടെ ലോകം അതിന്റെ പ്രത്യേക ലോകത്തെ അനുസരിച്ചാണ് എന്ന് പറയുന്നതുവരെ ഫോര്‍മലിസ്റ്റാണ്. പക്ഷെ സംഗീതം അല്ലെങ്കില്‍ കലയുടെ ലോകം അതുണ്ടാക്കുന്ന ലോകത്താണ് എന്ന് പറയുമ്പോള്‍ അദ്ദേഹം ഉദ്ദേശിക്കുന്നത് ലോകം ചെയ്യുന്നത് ലോകമുണ്ടാക്കലാണ് എന്ന അര്‍ത്ഥത്തിലാണ്.  World worlding എന്ന അര്‍ത്ഥത്തില്‍.  

സംഗീതം സാമൂഹ്യ ജീവിതത്തില്‍നിന്ന് വേര്‍പെട്ട ഒന്നാണോ അതോ അതിന്റെ ഭാഗമാണോ എന്ന ചോദ്യം പലപ്പോഴും ഉന്നയിക്കപ്പെടാറുണ്ട്.  സംഗീതം ഒരു ആശയമാണെന്ന് നിരൂപിക്കുകയാണെങ്കില്‍ അത് സാമൂഹ്യ ജീവിതത്തിന്റെ ഭാഗമാകണമെന്നില്ല.  കാരണം മനുഷ്യമനസ്സിന്റെ സൃഷ്ടിയാണ് ആശയം, പുറത്ത് സമൂഹത്തിലുള്ളതല്ല,   പക്ഷെ ഈ വ്യവഹാരത്തില്‍ സമൂഹം, മനസ്സ് എന്നീ സംജ്ഞകള്‍ എന്തിനെ സൂചിപ്പിക്കുന്നു എന്ന് വ്യക്തമല്ല.  പല താത്വിക വീക്ഷണങ്ങളും സംഗീതത്തെ സാമൂഹിക ലോകത്തില്‍നിന്ന് വേര്‍പിരിച്ചെടുക്കാനാവാത്ത വിധം കെട്ടുപിണഞ്ഞു കിടക്കുന്നതായാണ് കരുതുന്നത്. സംഗീതം സാമൂഹിക-രാഷ്ട്രീയവുമായ ശക്തി ബന്ധങ്ങളാല്‍ കെട്ടപ്പെട്ടതാണ്, സംഗീതം സമകാലികമാണ്, എന്നിങ്ങനെ.  

എന്താണ് സംഗീതം എന്നത് പതിവ് ചോദ്യമാണ്.  എന്താണ് പാട്ടുകാരി എന്ന ചോദ്യമാണ് സംഗീതത്തെക്കുറിച്ചുള്ള കാതലായ ചോദ്യമെന്ന് തോന്നുന്നു.  

ഏകാന്തതയില്‍ സംഗീതം നമുക്ക് കൂട്ടിരിക്കാം.  സൗഹൃദത്തിന്റെ മുഹൂര്‍ത്തങ്ങളില്‍ സംഗീതം ആ ബന്ധത്തിന് ഊഷ്മളത പകര്‍ന്നേക്കാം. വ്യക്തിയുടേയോ ഒരു സാമൂഹിക വിഭാഗത്തിന്റേയോ ജീവിതാവസ്ഥകളില്‍ കൂട്ടായി വരുന്ന സംഗീതമാണ് ഇവിടെ പരാമര്‍ശിക്കുന്നത്.   പ്രതിഷേധത്തിന്റെ സംഗീതം ഈ ഗണത്തില്‍പെട്ടതാണ്.   ഇവിടെ സംഗീതം ഒരു സംഗീത കച്ചേരി കേള്‍ക്കുമ്പോഴുള്ളതുപോലെയല്ല പ്രവര്‍ത്തിക്കുന്നത്. കച്ചേരിയില്‍ സംഗീതം ഏതു തരത്തിലും ആസ്വദിക്കപ്പെട്ടേയ്ക്കാമെങ്കിലും ഉദ്ദേശിക്കപ്പെടുന്നത് സംഗീതത്തിന്റെ ആന്തരികമൂല്യങ്ങള്‍ സൃഷ്ടിക്കുന്ന സ്വനചിത്രത്തെ ഗ്രഹിക്കാനാണ്.  

സംഗീതത്തെ ഒരു ബിംബമായി കാണാം.  ഈ അര്‍ത്ഥത്തില്‍ സംജ്ഞാനപ്രക്രിയയേയും ലോകത്തിന്റെ വ്യാഖ്യാനത്തേയും പരസ്പരം ബന്ധിപ്പിക്കുന്നതാണ് സംഗീതം. യാഥാര്‍ത്ഥ്യനിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ മനുഷ്യര്‍ക്ക് അവശ്യം വേണ്ട ഒരു പ്രധാന സാമഗ്രിയാണ് സംഗീതം.  ചിഹ്നവിജ്ഞാനീയം സംഗീതത്തെ കണക്കാക്കുന്നത് മൗലികമായി അര്‍ഥോത്പാദന ശക്യതയുള്ള വേറിട്ട ഒരു ബിംബസന്ദര്‍ഭമായാണ്.  സംഗീതാര്‍ഥത്തിന് ചാര്‍ത്തപ്പെട്ട സൂചകങ്ങളില്ല.  അനേകവും ദ്രവതുല്യവും ചലനാത്മകവുമാണ് സംഗീതത്തിലെ സൂചകങ്ങള്‍.  

രാഷ്ട്രീയ ശക്തിയുമായി അടുത്ത് ബന്ധപ്പെട്ടുകിടക്കുന്ന മനുഷ്യ നിര്‍മ്മിതിയാണ് സംഗീതം.  സംഗീതം സാംസ്‌കാരികമാണ്.  അതുകൊണ്ട് സംഗീതം സദാ ഉണ്ടാക്കപ്പെടുകയും പുനര്‍നിര്‍മ്മിക്കപ്പെടുകയും മത്സരത്തിനും നീക്കുപോക്കുകള്‍ക്കും പാത്രമാവുകയും ചെയ്യുന്നുണ്ട്.  മനുഷ്യ സമൂഹത്തെ രൂപപ്പെടുത്തുകയും നിര്‍വ്വചിക്കുകയും ചെയ്യുന്നു എന്ന അര്‍ഥത്തിലാണ് ഈ കാഴ്ചപ്പാടില്‍ സംഗീതത്തിന് പ്രാധാന്യം.  സംഗീതമൂല്യം കേവലമല്ല.  ചരിത്രപരമായും സാംസ്‌കാരികമായും സാപേക്ഷികമാണ്.  തിരിച്ച് മനുഷ്യരുടേയും സമൂഹത്തിന്റേയും ക്രമം സംഗീതം നിര്‍മ്മിക്കുകയും നിലനിര്‍ത്തുകയും ചെയ്യുന്നുണ്ട്.  19 ാം നൂറ്റാണ്ടിലെ രാഷ്ട്രീയ സിദ്ധാന്തേക്കാള്‍ ഭേദമായി, അതിനു മുന്‍പുതന്നെ, മൊസാര്‍ട്ടും ബാക്കും ബൂര്‍ഷ്വാസിയുടെ ഹാര്‍മണിയെക്കുറിച്ചുള്ള സ്വപ്‌നങ്ങള്‍ പ്രതിഫലിപ്പിച്ചിട്ടുണ്ട് എന്ന് പറയാറുണ്ട്.  ബോബ് ഡിലാന്റെ സംഗീതം 1960 ലെ തിയറി ഓഫ് ക്രൈസിസിനേക്കാള്‍ വിമോചന സ്വപ്‌നങ്ങളെക്കുറിച്ച് പറഞ്ഞിരുന്നെന്നും.  ദുരിതങ്ങള്‍ ഉച്ചത്തില്‍ വിളിച്ചു പറയാന്‍, പീഡിതരുടെ സ്വാതന്ത്ര്യത്തെ കുറിച്ചുള്ള സ്വപ്‌നങ്ങള്‍ അവതരിപ്പിക്കാന്‍ സംഗീതം യോജിച്ച ഒരു വഴിയാണ്.  

ക്ലാസിക്കല്‍ സംഗീതത്തിന് അതിന്റെ പാണ്ഡ്യത്യ മുറിയില്‍ ഒറ്റപ്പെട്ടിരിക്കാന്‍ ധൈര്യം പകരുന്ന നിരവധി വസ്തുക്കളുടെ കൂമ്പാരം സ്വത്തായി ഉണ്ടാകാം.  പുരാതനമായ നിരവധി സാങ്കേതികതകളുടെ ശേഖരംകൊണ്ട് അതിന്റെ മതിലുകള്‍ ഉറപ്പുള്ളതാകാം.  അതിനെ പുറത്തിറക്കാന്‍ ശ്രമിക്കുന്നത്, പുറത്തിറങ്ങാന്‍ വേണ്ടി അതിനെ പിടിച്ചു കുലുക്കുന്നത്, സമകാല ലോകത്തിന്റെ ഭാഷയിലേയ്ക്ക് സംഗീതാംശങ്ങളൊന്നും നഷ്ടപ്പെടുത്താതെ ഇറങ്ങിവരേണ്ട ആവശ്യകതയാണ്.  ഇത്, ഒരു പക്ഷെ, അത്യുക്തി വരച്ച ചിത്രമാണ്.  കാരണം ക്ലാസിക്കല്‍ സംഗീതവും (പേര് എന്ന അര്‍ത്ഥത്തില്‍ മാത്രം ക്ലാസിക്കല്‍) സമകാലിക സംഗീതമാണ്.    


ക്ലാസിക്കല്‍ സംഗീതം, സിനിമാപാട്ട്, നാടന്‍ പാട്ട്, പോപ്പ് മ്യൂസിക്, എന്നിങ്ങനെ നിരവധി സംഗീത രൂപങ്ങളുണ്ട്.  ഇവ യഥാര്‍ത്ഥത്തില്‍ വിപരീതങ്ങളല്ല. വ്യത്യസ്തങ്ങളാണ്.    

മാര്‍ക്‌സിന് സംഗീതം യാഥാര്‍ഥ്യത്തിന്റെ കണ്ണാടിയാണ്.  നിഷേയ്ക്ക് സത്യത്തിന്റെ ബഹിര്‍സ്ഫുരണമാണ്.  ഫ്രോയ്ഡിന് വായിച്ചെടുക്കേണ്ട പാഠമാണ്.  

റ്റോണലിസം നിലനിര്‍ത്താനുള്ള ഒരു ചായ്‌വ് റ്റോണലിസത്തിനുണ്ടാകും.  അതിന് മെലഡിയെ തലപ്പത്ത് വാഴിക്കണം.  അതുകൊണ്ട് അപശ്രുതികളെ അടിച്ചമര്‍ത്താന്‍ താത്പര്യപ്പെടും. നാദഭ്രംശത്തെ അപഭ്രംശമായി വിധിയ്ക്കും.   പക്ഷെ ഈ പ്രവണത ആപേക്ഷികമാണ്. ജനപ്രിയ സംഗീതം ഭരിക്കുമ്പോള്‍ ചില സംഗീതങ്ങള്‍ ന്യൂനപക്ഷമാകുകയും അവയ്ക്ക്
ഇതേ നിരോധവും അവജ്ഞയും നേരിടേണ്ടിവരുകയും ചെയ്യും.      

സംഗീതരഹിതമായ ഒരു അവസ്ഥ പലപ്പോഴും അരക്ഷിതാവസ്ഥയാണ്.  

ശബ്ദത്തെ യുക്തിപൂര്‍ണ്ണമായി ഉപയോഗിക്കലാണ് രാഗം എന്ന സങ്കല്‍പ്പത്തിന്റെ ധര്‍മ്മം. ശുദ്ധമായ ഒരു വാക്യഘടന, പദവിന്യാസം, പദവ്യവസ്ഥ എന്നിവ പോലെ.  ശുദ്ധമായ വാക്യഘടന അല്ലെങ്കില്‍ പദവിന്യാസം പക്ഷെ അര്‍ഥത്തിലേയ്ക്ക് നയിക്കും. പക്ഷെ സംഗീതത്തില്‍ എന്താണ് അര്‍ഥം?    

എല്ലാ സംഗീതങ്ങള്‍ക്കും പൊതുവായുള്ളത് ശബ്ദമാണ്.  വ്യത്യസ്തമായ സംഗീത ഘടനകളിലേയ്ക്ക് ഈ ശബ്ദത്തെ രൂപീകരിക്കുകയാണ് എല്ലാ സംഗീതവും ചെയ്യുന്നത്. ചരിത്രപരമായി നോക്കുമ്പോഴാണ് പ്രാകൃത സംഗീതം, ക്ലാസിക്കല്‍ സംഗീതം, ആധുനിക സംഗീതം, ആധുനികോത്തര സംഗീതം എന്നിങ്ങനെയുള്ള ഒരു ക്രമം കൊണ്ടുവരാന്‍ തോന്നുന്നത്.  യഥാര്‍ഥത്തില്‍ ഇതുപോലെ രേഖീയമായ ഒരു ചരിത്രപരിണാമം മിഥ്യയാണ്.      

'വര്‍ത്തമാനകാലത്തെ സംഗീത വിമര്‍ശനം പരിശോധിക്കുകയാണെങ്കില്‍ കലാസൃഷ്ടിയെ അല്ലെങ്കില്‍ അവതരണത്തെ എപ്പോഴും വിവര്‍ത്തനം ചെയ്യപ്പെടുന്നത് ഭാഷയിലെ ഏറ്റവും മോശമായ വകുപ്പായ നാമവിശേഷണംകൊണ്ടാണ്' (റൊളാങ് ബാര്‍ത്ത്)

ശബ്ദത്തിന്റേയും നിശബ്ദതയുടേയും ഇടയിലാണ് സംഗീതം.  

സംഗീതത്തിന് ചില പ്രാഥമിക കാര്യങ്ങളെ ഒഴിവാക്കാനാവില്ല.  വായ്പാട്ട് അല്ലെങ്കില്‍ സംഗീതോപകരണങ്ങള്‍, ശബ്ദശാസ്ത്രം (എക്കോസ്റ്റിക്‌സ്), സംഗീതാസ്വാദനത്തെ വിലമതിക്കുന്ന സംസ്‌കാരം എന്നിവ.  ആധുനിക സാങ്കേതിക വിദ്യ എത്ര വികസിച്ചാലും ഇവ അനിവാര്യമാണ്.  

സംഗീതത്തിന് സംസ്‌കാരത്തിന്റേതായ അംശം വളരെ പ്രബലമാണ്.  പെട്ടെന്ന് ഒരു സുപ്രഭാതത്തില്‍ ആസ്വാദകരും സംഗീതജ്ഞരും ടെക്‌നോളജിയ്‌ക്കെതിരെ തിരിയുകയാണെങ്കില്‍ തീര്‍ച്ചയായും ടെക്‌നോളജി സംഗീതത്തിന്റെ കാര്യത്തില്‍ ഒറ്റപ്പെടും. ഫ്രാന്‍സില്‍ ഫൗണ്ടന്‍ പേനകള്‍ക്ക് പ്രിയം ഏറിവരുന്നതായി വാര്‍ത്ത കണ്ടു.  എന്ന് വെച്ച് ഈമെയിലുകള്‍ ഇല്ലാതാവുകയല്ല.  എഴുത്തിന്റെ രസം ഫൗണ്ടന്‍ പേനയിലൂടെയാണെന്ന് വരുകയാണെങ്കില്‍ ഒരു വിപ്ലവകരമായ തിരിച്ചുപോക്കായിരിക്കും അത്.  കലയുടെ കാര്യത്തില്‍ എപ്പോഴും അനായസതയും വിനിമയവേഗവുമായിരിക്കണമെന്നില്ല മാനദണ്ഡങ്ങള്‍.  ഏത് കാലത്തായാലും ഉള്ളത് സംഗീതവും ആസ്വാദനവും തന്നെയാണ്. ടെകനോളജിയിലൂടെ മറ്റൊന്നല്ല ഉണ്ടാകുന്നത്.  ആസ്വാദനത്തിന്റെ കാര്യത്തിലായാലും സംഗീതം സൃഷ്ടിക്കുന്ന കാര്യത്തിലായാലും ടെക്‌നോളജിയിലൂടെ സംഭവിക്കുന്നത് വ്യത്യസ്തമായ രീതിയിലുള്ള പ്രദാനംചെയ്യല്‍ മാത്രമാണ്.  കേള്‍ക്കാന്‍ ചെവിയും പാടാന്‍ തൊണ്ടയും ആവശ്യമില്ലാതെ വരുകയാണെങ്കില്‍ മാത്രമേ ടെക്‌നോളജി സംഗീതത്തെ ആകെ മാറ്റിമറിക്കുന്നുള്ളൂ.

പഴയ പാട്ട് നമുക്ക് ഇന്ന് കേള്‍ക്കാന്‍ കഴിയുന്നതു തന്നെ ടെക്‌നോളജികൊണ്ടാണ് - റിക്കോഡിങ് ടെക്‌നോളജി.  ടെക്‌നോളജി കാരണം ഭൂതകാല സംഗീതം വര്‍ത്തമാനത്തില്‍ ലയിക്കുകയാണ്.  

പാട്ടിന് ഇപ്പോഴും വലിയ വ്യത്യാസമില്ല.  മൈക്കിലും സ്പീക്കറിലും കംപ്യൂട്ടറിലുമേ വ്യത്യാസമുള്ളൂ.  

പഴയ സംഗീത സംവിധായകര്‍ക്കൊക്കെ സംഗീതത്തില്‍ നല്ല പ്രവീണ്യം വേണമായിരുന്നു.  ഇന്ന് ഒരു പക്ഷെ നല്ല ടെക്‌നോളജി ജ്ഞാനവും അല്‍പ്പം സംഗീതജ്ഞാനവും മതിയാകും.  

ഭാവന വിടരാന്‍ ഏറ്റവും പ്രധാനമായി വേണ്ടത് സമയമാണ്.  സമയം ചുറ്റും വന്ന് നിറയുമ്പോള്‍ ഭാവനയ്ക്ക് എന്തെങ്കിലും ചെയ്‌തേ മതിയാകൂ എന്ന സ്ഥിതി വരും.  ശെമ്മാങ്കുടി 1998 ല്‍ ഫ്രണ്ട്‌ലൈന്‍ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നതുപോലെ, നാഗസ്വരക്കാര്‍ക്ക് അമ്പലത്തിന് ചുറ്റും മണിക്കൂറുകളോളം വായിച്ചു നടക്കേണ്ടതുണ്ടായിരുന്നു.  ഈ സമയത്തെ നിറയ്ക്കാന്‍ അവര്‍ മനോധര്‍മ്മത്തിലേയ്ക്ക് തിരിയും.  ഇപ്രകാരം മനോധര്‍മ്മം കര്‍ണ്ണാടക സംഗീതത്തിന്റെ ഏറ്റവും മനോഹരമായ വശമായി.    

പഴയ ഗായകരേയും പുതിയ ഗായകരേയും താരതമ്യം ചെയ്ത് ശെമ്മാങ്കുടി പറയുന്നുണ്ട് പഴയ ഗായകരുടെ സംഗീതം കുറേക്കൂടി ജീവസ്സുറ്റതായിരുന്നു എന്ന്.  പഴയ ഗായകരില്‍ ചിലപ്പോള്‍ അക്ഷരപ്പിശകോ കൃത്യമായി ഉച്ചരിക്കാത്ത സാഹിത്യമോ ഒക്കെ ഉണ്ടാവും എങ്കിലും ജീവന്‍ കൂടുതല്‍ അവരുടെ പാട്ടിലായിരുന്നു എന്ന്.    

ശെമ്മങ്കുടിയുടെ ഈ നിരീക്ഷണത്തില്‍ എന്താവണം സംഗീതം എന്നതിലേയ്ക്കുള്ള ധാരാളം സൂചനകള്‍ അടങ്ങിയിട്ടുണ്ട്.  പാട്ടില്‍ വരുന്ന സാഹിത്യമല്ല, അല്ലെങ്കില്‍ ചില കൃത്യതകളല്ല സംഗീതത്തിന്റെ മാനദണ്ഡമാകേണ്ടത് എന്നതാണ് പ്രധാനപ്പെട്ട സൂചന.    

കര്‍ണ്ണാടക കൃതികളെ പദ്യമായി വായിച്ചാല്‍ അത് ചില ഭക്തിഗീതങ്ങളാണെന്നേ തോന്നു. അങ്ങിനെ വായിക്കുന്നവര്‍ ഒരു കാര്യം ശ്രദ്ധിക്കുന്നില്ല.  അവര്‍ കൃതിയുടെ സാഹിത്യമാണ് കാണുന്നത്.  കൃതികള്‍ യഥാര്‍ത്ഥത്തില്‍ സംഗീത കൃതികളാണ്.  സംഗീതം ഈണ സങ്കല്‍പ്പത്തിന്റെ വിവിധ രൂപഭാവങ്ങളുമായി ബന്ധപ്പെട്ടിട്ടുള്ളതുമാണ്. ഈണ സങ്കല്‍പ്പത്തിന് സാഹിത്യാര്‍ത്ഥമില്ല.  ഈണത്തെ സാഹിത്യത്തിലേയ്ക്ക് വിവര്‍ത്തനം ചെയ്യാനും കഴിയില്ല.  ഈ ഈണം ചിലരെ ഏതെങ്കിലും വികാരപ്രകടനമായി തോന്നിപ്പിക്കുമ്പോള്‍ പോലും അത് ആസ്വാദകരുടെ സാപേക്ഷികമായ വ്യാഖ്യാനമാകാനേ വഴിയുള്ളൂ.  ഉദാഹരണത്തിന്, കേരളത്തില്‍ പലരും ഷെഹ്‌നായ് വാദനത്തെ ദുഃഖസൂചകമായാണ് മനസ്സിലാക്കാറുള്ളത്. എന്നാല്‍ ഉത്തരേന്ത്യയില്‍ അത് മംഗളവാദ്യമാണ്.      

സജ്ഞാനപരമായ ഒരു വലിയ വ്യത്യസ്തയാണ് സംഗീതത്തെ പ്രകൃതിയിലെ മറ്റു മനോഹര ശബ്ദങ്ങളില്‍നിന്ന് വേര്‍തിരിക്കുന്നത്.  സംഗീതം മാനുഷികമാണ്.  പക്ഷിയുടെ പാട്ട് മനോഹരമാണ്.  പക്ഷെ മാനുഷിക സംഗീതം ഘടനാപരമായി തീര്‍ത്തും വ്യത്യസ്തമാണ്. മനുഷ്യന് സംഗീതസങ്കല്‍പ്പം ഉണ്ട് എന്നതാണ് ഈ വ്യത്യാസത്തിന്റെ വഴിത്തിരിവ്. മനുഷ്യരുടെ സംജ്ഞാന സംവിധാനങ്ങളുടെ ഒരു പ്രത്യേക സൃഷ്ടിയാണ് സംഗീതം.  ശ്രുതി, സുസ്വരത, ഈണങ്ങളുടെ ഏകോപനം, താളം എന്നിവ വിവേചനപൂര്‍വ്വം ഗ്രഹിക്കാനുള്ള കഴിവ് മനുഷ്യ മസ്തിഷ്‌കത്തിനുള്ളതുകൊണ്ട്.    

ക്ലാസിക്കല്‍ സംഗീതത്തെക്കുറിച്ച് പൊതുവില്‍ പറയുന്നത് അത് ഈണങ്ങളുടേയും സ്വരങ്ങളുടേയും അവയുടെ സങ്കലനങ്ങളുടേയും ഒരു പ്രത്യേക ക്രമം സൃഷ്ടിക്കുകയാണ് എന്നാണ്. എന്നാല്‍ യഥാര്‍ഥ്യം തിരിച്ചാണ്.  ഏറ്റവും കൂടുതല്‍ ക്രമം അല്ലെങ്കില്‍ ഹാര്‍മണി അല്ലെങ്കില്‍ മെലഡി - ഇവയോട് ചേരുന്ന ഏറ്റവും വൈജാത്യപൂര്‍ണ്ണമായ ഈണ, ലയ ഘടനകളെ സൃഷ്ടിക്കുകയാണ് ക്ലാസിക്കല്‍ സംഗീതം ചെയ്യുന്നത്.  

Comments

SWANSONG said…
വിവിധ തരം സംഗീതങ്ങളെപ്പറ്റിയുള്ള നല്ലൊരു വിവരണം! പഴയ ക്ലാസിക്കൽ സംഗീതജ്ഞരുടെ സംഗീതത്തിന് കൂടുതൽ ജീവനുണ്ടായിരുന്നു! അവർ തികച്ചും ആസ്വദിച്ചു കൊണ്ട് ,എൻ ജോയ് ചെയ്ത് കൊണ്ട് പാടി; ഒട്ടും സെൽഫ് കോൺഷ്യസല്ലാതെ ,പൂർണമായും ലയിച്ചു കൊണ്ട് ! കേൾക്കുന്നവർ എങ്ങിനെ സ്വീകരിക്കുമെന്നത് അവർക്ക് ഒരു വിഷയമല്ലായിരുന്നു! ചെമ്പൈയും ,ശമ്മം കുടിയും, എംഡി ആറും അതിലും മുമ്പ് ത്യാഗരാജനും മറ്റും ! അതൊരു ധ്യാന മായിരുന്നു! സ്വയം മറന്ന് ലയിച്ച് ചേർന്നു കൊണ്ട്.- നാരായണൻ
Mukundanunni said…
വായിച്ചതിനും പ്രതികരിച്ചതിനും നന്ദി. ചിതറി കിടക്കുന്ന ചിന്തകള്‍ എന്ന നിലയില്‍ ആ ഒരു ചിന്തയെ പറക്കാന്‍ വിട്ടു. അത്രമാത്രം. വിശദമായി പരിശോധിക്കുമ്പോള്‍ പഴയ പാട്ടും പുതിയ പാട്ടും പാട്ടുകാരും വ്യത്യസ്തകള്‍ കാരണം താരതമ്യം അന്യായമാവുന്ന ഒറ്റകളാവാം. പണ്ട് മൈക്കില്ലാത്തതുകൊണ്ട് ഉറക്കെ പാടണം. ഉച്ചസ്ഥായിയിലായിരുന്നു പാട്ട്. ഉച്ചസ്ഥായിയിലെ പാട്ടിന് തീര്‍ച്ചയായും അസംസ്‌കൃതമായ മനുഷ്യാംശമുണ്ട്. അതിന്റെ രസം ഭ്രാന്തമാണ്. പുതിയ പാട്ടിന് നവസാങ്കേതികതയുടെ സൃഷ്ടിസ്ഥിതികളുണ്ട്. അതുകൊണ്ട് മന്ദ്രസ്ഥായി കേള്‍ക്കാനാവും. മന്ദ്രസ്ഥായി പ്രകടനത്തിന്റെ ഇടമാകും. അന്നുള്ളവര്‍ക്ക് ആസ്വാദകരുടേയും മത്സരത്തിന്റേയും സമ്മര്‍ദ്ദം താരതമ്യേന കുറവായിരുന്നിരിക്കാം. ഇന്ന് പാട്ടുകാരനാവാണമെങ്കില്‍ കമ്പോളത്തെക്കൂടി പാട്ടി (ഹഹഹ.. രണ്ടര്‍ത്ഥത്തിലും)ലാക്കേണ്ടതുണ്ട്. അന്ന് ആരെങ്കിലുമൊക്കെ എത്ര നേരം വേണമെങ്കിലും കേള്‍ക്കാനിരിക്കും. പണ്ട് കച്ചേരി കേള്‍ക്കാന്‍ കോഴിക്കോട് നിന്ന് പാലക്കാട്ടേയ്ക്ക് കരിവണ്ടി ബസ് പിടിച്ച്, പാട്ടു കേട്ട്, എവിടെയെങ്കിലും കിടന്നുറങ്ങി, അടുത്ത ദിവസം കരിവണ്ടി ബസ് പിടച്ച് തിരിച്ചെത്തുന്നവരുണ്ടായിരുന്നത്രെ. പി ലീലയുടെ ശബ്ദം നേരിട്ട് കേള്‍ക്കാന്‍വേണ്ടി ആരോ പോയതിന്റെ കഥ അച്ഛന്‍ പറഞ്ഞിരുന്നു. ഇന്ന് വിരല്‍ തുമ്പിലുണ്ടെങ്കിലും കേള്‍ക്കില്ല. ശേഖരിച്ച് വെയ്ക്കുമെന്നല്ലാതെ. ഇത്തരം വശങ്ങള്‍ നിരവധി പരിശോധിക്കാനുണ്ട്. ശെമ്മങ്കുടി ആ പറഞ്ഞത് ശരിക്കും അനുഭവിച്ചുകൊണ്ട് തന്നെയാണ്. നുണ പറയാത്ത, കുതന്ത്രം കാണിക്കാനും തന്റേടം കാണിക്കാനും അത് മറച്ചുവെയ്ക്കാതിരിക്കാനും ധൈര്യമുള്ള ആളായിരുന്നു ശെമ്മങ്കുടി.