CHANDRAN T V




ഹാദുരന്തങ്ങൾ ഇതിനു മുൻപും ഉണ്ടായിരുന്നുവല്ലോ. യുദ്ധങ്ങളും രോഗങ്ങളും പ്രകൃതി ദുരന്തങ്ങളും കൊണ്ട് പൊറുതിമുട്ടിയ ജീവിതങ്ങളാണ് ചരിത്രത്തിന്റെയും കലയുടെയും പ്രധാന ഉള്ളടക്കങ്ങൾ. രീതിയിൽ ദുരന്തകഥകൾ നമുക്ക് അറിവും അനുഭവവുമാണ്. നാം സുരക്ഷിതരാണ് എന്ന രഹസ്യാനന്ദമാണ് അവയെ അനുഭൂതിദായകമാക്കുന്നത്. എന്നാൽ കലാനുഭൂതിയിൽ നിന്ന് ജീവിതാനുഭൂതിയായി ദുരന്തം പതിയെ പരിണമിച്ചുകൊണ്ടിരിക്കുന്ന ഒരു ചരിത്ര ഘട്ടത്തിന്   മലയാളികളും  ഇന്ന് സാക്ഷ്യം വഹിക്കുകയാണ്. അതിന്റെ ആകുലതകൾ പങ്കുവെക്കുന്നതിനിടയിൽ, "കലയ്ക്ക് ഇനിയും പഴയ രീതിയിൽ തുടരാൻ പറ്റുമോ,..."നമ്മുടെ കലാസങ്കല്പം തന്നെ അടിമുടി മാറാനിടയില്ലേ " എന്നിങ്ങനെയുള്ള സന്ദേഹങ്ങൾ എൻറെ ചില സുഹൃത്തുക്കൾ പ്രകടിപ്പിക്കുകയുണ്ടായി.

പലരുടെയും മനസ്സിൽ പലവുരി വന്നുപോയ സംശയങ്ങളാകാമിത്. ദുരന്തം ഒരു നേർക്കാഴ്ചയായി മുന്നിൽ നിൽക്കുമ്പോൾ, ജീവൻ ഏതു നിമിഷവും നഷ്ടപ്പെടാം എന്ന സംഭ്രമാവസ്ഥയിൽ അത്തരം സന്ദേഹങ്ങൾ ഒരു കലാകൃത്തിൽ ഉയർന്നു വരുന്നത് സ്വാഭാവികമാണ്.

എന്നാൽ ജീവിതക്കാഴ്ചകൾ, അത് ദുരന്തമായാലും, അനുഭൂതിയായി പരിണമിക്കുന്ന മുഹൂർത്തത്തിൽ മാത്രമെ അവ കലയിലെ പുതിയ കാഴ്ചയായി ആവിഷ്ക്കാരങ്ങൾ നേടൂ. മഹാമാരി ദുരിതം വിതറുന്ന കാഴ്ചകൾ നാം നിത്യേന കണ്ടുവരുന്നുണ്ടെങ്കിലും, ആധുനികവും ഉത്തരാധുനികവുമായ കലയുടെ സാമ്പ്രദായിക ദൃശ്യപ്രകൃതങ്ങളെ ഒന്നായി അഴിച്ചു പണിയാൻ പാകത്തിൽ അതു നമ്മുടെ കലാ-ജീവിതാവബോധങ്ങളെ ഇനിയും ആഴത്തിൽ സ്പർശിച്ചിട്ടില്ല എന്നാണ് എനിക്ക് തോന്നുന്നത്. കലയുടെയും ജീവിതത്തിൻറെയും പരിസരങ്ങളിൽ നിന്ന് കണ്ടെടുക്കാവുന്ന ചില വസ്തുതകളിലൂടെ  അത് വിശദീകരിക്കാനാകും. എങ്കിലും  ഇവിടെയതിനു  മുതിരുന്നില്ല. പകരം, മഹാമാരിയുടെ പശ്ചാത്തലത്തിൽ കൂടുതൽ പ്രസക്തമായ മറ്റൊരു കാര്യം പറയാം.

മഹാമാരിയെ പ്രതിരോധിക്കുവാൻ അടച്ചിട്ട സ്വകാര്യ ഇടങ്ങളിൽ ജീവിതത്തെ സുരക്ഷിതമാക്കിത്തുടങ്ങിയ ആദ്യദിനങ്ങളിൽ മലയാളികൾ ഒരുപോലെ പരിഭ്രമിച്ചത് വരാൻപോകുന്ന ഭക്ഷ്യ ദൗർലഭ്യത്തെ കുറിച്ചായിരുന്നു. സാക്ഷരതയും ശുചിത്വ ബോധവും മെച്ചപ്പെട്ട ആതുര സേവനരംഗവും കൊണ്ട് ഉള്ളുറപ്പുള്ള മലയാളികൾക്ക് മഹാമാരി ഒരു ആധിയും വ്യാധിയുമായി മാറിയിരുന്നില്ല. എന്നാൽ ചരക്കു ഗതാഗതം നിലച്ചുപോയ മണിക്കൂറുകൾ നമ്മിലാകെ അന്ധാളിപ്പുളവാക്കി. നമ്മുടെ ജീവിതം മറ്റുള്ളവരുടെ കൈകളിലാണ്, അവരുടെ വിയർപ്പു തുള്ളികളിലാണ് എന്ന് ഒരു അനുഭൂതിയായി മാറിയ സമയം. പരാശ്രയത്തിലാണ് നമ്മുടെ ഓരോരുത്തരുടെയും ദൈനംദിന ജീവിതം പോലും എന്ന് വലിയൊരളവിൽ തിരിച്ചറിഞ്ഞ മണിക്കൂറുകൾ. അതിന്റെ സംഭ്രമങ്ങൾ മഹാമാരിയെ കവച്ചുവെക്കുന്നതായിരുന്നു.

കൊണ്ടും കൊടുത്തുമുള്ള കൈമാറ്റങ്ങളാണ് സംസ്കാരങ്ങളെ മുന്നോട്ടു നയിക്കുന്നത്. പക്ഷെ അത്തരമൊരു പരസ്പരാശ്രയത്വമല്ല ഭക്ഷ്യ-കാർഷിക വിഭവങ്ങളുടെ കാര്യത്തിൽ നമുക്കുള്ളത്, മറിച്ച്, പരാശ്രയത്വമാണ്. കർഷകരുടെയോ കൃഷിയിടങ്ങളുടെയോ അഭാവമല്ല, അത്തരമൊരവസ്ഥ നമുക്കിടയിൽ സൃഷ്ടിച്ചത്. വസ്തുത കൃഷി ലാഭകരമല്ല എന്നതാണ്. കൃഷിയിടങ്ങൾ ഒഴിഞ്ഞു കിടന്നു. കൃഷിക്കാർ മറ്റു മേഖലകളിൽ ചേക്കേറി. കൊയ്തെടുക്കുന്ന നെൻമണികൾ, വിതരണം ചെയ്യാനുള്ള സംവിധാനങ്ങൾ പോലുമില്ലാതെ കുട്ടനാടൻ പാടങ്ങളിൽ കെട്ടിക്കിടന്നു. മറുവശത്തു റബ്ബർ, കശുവണ്ടി, ഏലം, കാപ്പി, കുരുമുളക് തുടങ്ങിയ കയറ്റുമതി ഉൽപന്നങ്ങളുടെ ലാഭകരമായ കൃഷിയും. അങ്ങിനെ നമ്മുടെ ദൈനംദിനാവശ്യങ്ങൾക്കുള്ള അവശ്യസാധനങ്ങൾ ഉൽപാദിപ്പിക്കാതിരിക്കുകയും മറ്റുള്ളവർക്ക് വേണ്ടിയുള്ള നാണ്യവിളകൾ ഉൽപാദിപ്പിക്കുകയും ചെയ്യുന്ന ആന്തരിക വൈരുധ്യമുള്ള ഒന്നാണ് നമ്മുടെ കാർഷിക സമ്പദ് വ്യവസ്ഥ എന്നു കാണാം. വൈരുദ്ധ്യം പരിഹരിക്കുന്നതിലൂടെ മാത്രമെ സുദൃഢമായ ഒരു കാർഷിക സമ്പദ് വ്യവസ്ഥ കെട്ടിപ്പടുക്കാൻ കഴിയൂ.

സമാനമായ അവസ്ഥയാണ് കലാരംഗത്തുമുള്ളത്. ദേശീയ തലത്തിൽ പ്രസിദ്ധരായ കലാകാരും അന്തർദേശീയ തലത്തിൽ സംഘടിപ്പിക്കപ്പെടുന്ന ദൃശ്യഘോഷവും നമുക്കുണ്ടെങ്കിലും അവ നിരവധി ആന്തരിക വൈരുദ്ധ്യങ്ങൾ നിറഞ്ഞതാണ്. പ്രസിദ്ധിയുടെയും പ്രചാരണത്തിൻറെയും മറപറ്റിയുള്ള ഒരു കലാലോകത്തിൻറെ പ്രതീതി മാത്രമാണ് നമുക്കുള്ളത്. പാടങ്ങളും കർഷകരും കൃഷിയിൽ നിന്നൊഴിഞ്ഞു പോയതുപോലെ കലാലോകത്തോടും കലയോടും വിടപറഞ്ഞു പോയവർ നിരവധിയുണ്ട്. നാടുവിട്ടവർ പിന്നെയുമുണ്ട് കുറെ ഏറെ. ഇറക്കുന്ന മുതലെങ്കിലും തിരിച്ചു കിട്ടാത്ത "നഷ്ടക്കച്ചോട"മാണ് കലാപ്രവൃത്തി. ഒരു കലാകൃത്ത്‌ എന്ന നിലയിൽ ആത്മാഭിമാനം കൊള്ളാൻ പറ്റാത്തവസ്ഥ. അവനവൻ ജനിച്ചു വളർന്ന മണ്ണുപേക്ഷിച്ച്കുടിയേറ്റ തൊഴിലാളികളെ പോലെ, നമ്മുടെ കലാകാർ മറുനാടുകളിലെ നഗരങ്ങളിൽ ചേക്കേറുന്നു. അവിടങ്ങളിൽ പ്രദർശിപ്പിക്കുകയും വിറ്റഴിക്കുകയും ലേലം ചെയ്യുകയും ചെയ്യുന്ന സൃഷ്ടികളെക്കുറിച്ചു ഇവിടെയെത്തുന്ന  പലവിധത്തിലുള്ള വാർത്തകളും വിവരണങ്ങളുമാണ് ഇവിടെ ഒരു കലാസംസ്കാരം നിലനിൽക്കുന്നു എന്ന പ്രതീതി സൃഷ്ടിക്കുന്ന ഒരു പ്രധാന ധാര. കലാസംസ്കാരത്തിന്റെ ഒരു മിഥ്യാബോധം സൃഷ്ടിക്കുന്നു എന്നതിനപ്പുറത്ത് സന്ദർഭത്തിലതിന് കൂടുതൽ പ്രാധാന്യമൊന്നുമില്ല. ഒരു കലാസമ്പദ് വ്യവസ്ഥ  ഇവിടെ വളർന്നുവരാൻ അത് സഹായകമാകുന്നില്ല

കേരളത്തിനകത്തുള്ള പ്രദർശനങ്ങൾ മിക്കതും അർദ്ധമനസ്സാലെ സംഘടിപ്പിക്കപ്പെടുന്ന പതിവാചാരങ്ങളുടെ മാനങ്ങളേ  കൈവരിക്കാറുള്ളുകാണികളുടെ അഭാവം കൊണ്ടും വിപണന സാധ്യത നിലവിലില്ലാത്തതുകൊണ്ടും അവ പൊതുവെ നിരുന്മേഷമായ പ്രവൃത്തിയായി മാറുകയാണ് പതിവ്. ഇതൊരു പുതിയ അറിവല്ല. ദൃശ്യസാക്ഷരതയെ കുറിച്ചും കലാകൃത്തുകളുടെ കുടിയേറ്റത്തെകുറിച്ചുമുള്ള ആധിയും വ്യാധിയുമായിരുന്നു കലാനിരൂപങ്ങളും കലാസംഭാഷണങ്ങളും അടുത്തകാലം വരെയും ഏറെ പങ്കുവെച്ചത്. അങ്ങിനെയാണ്ദൃശ്യസാക്ഷരതയും വിപണന സാധ്യതയും മുന്നിൽക്കണ്ടുകൊണ്ട് അന്താരാഷ്ട്ര ദൃശ്യാഘോഷത്തിന് കൊച്ചിയിൽ തുടക്കം കുറിക്കാനിടയായത്. അവിടെ പ്രദർശിപ്പിക്കപ്പെടുന്ന മലയാളികളുടെ സൃഷ്ടികൾ വിദേശവിപണികൾ വലിയവിലക്കു വാങ്ങിക്കൂട്ടും എന്ന വാഗ്ദാനം ഒരു സുന്ദര സ്വപ്നമായി അവശേഷിച്ചു. അവിടെ ഒരുക്കിവെച്ച കലയുടെ നേർക്കാഴ്ചകൾ ലക്ഷംപേർ കണ്ടുവെങ്കിലും, ദൃശ്യതൃഷ്ണകളെ ദീപ്തമാക്കുന്ന കാഴ്ചകളായി അവയൊന്നും മനസ്സിൽ പതിഞ്ഞില്ല. കാരണം പുതിയ അന്വേഷണങ്ങളോ ദൃശ്യബോധമോ അവയൊന്നും മുന്നോട്ടു വെച്ചില്ല.   കലാവസ്തുവിനെയും സൗന്ദര്യബോധത്തെയും സംബന്ധിച്ച അപനിർമ്മാണ സങ്കല്പങ്ങളെ (de-aestheticisation and de-materialisation) സ്വീകരിച്ചുകൊണ്ടുള്ള കലയുടെ നവമാധ്യമ പ്രയോഗങ്ങളാണ് അവിടെ നിരന്തരം കണ്ടുവരുന്നത്. ആഗോള തലത്തിൽ ഒരേ മട്ടും ഭാവവുമുള്ള, സംസ്കാരത്തിന്റെ സവിശേഷ മുദ്രകളൊന്നും പതിയാത്ത, ഒരു കലയെ ഇവിടെ ഇറക്കുമതി ചെയ്യുവാനുള്ള ഒരു വേദി എന്ന നിലയിലാണ് ഫലത്തിൽ അത് പ്രസക്തമാകുന്നത്. അന്യസംസ്ഥാനങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യധാന്യങ്ങൾ പോലെ, അന്യദേശങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന 'നേർക്കാഴ്ച'കളുടെ നിഷ്ക്രിയരായ ഉപഭോഗ്താക്കളാകാനെ നമ്മെ അത്തരം ദൃശ്യാഘോഷങ്ങൾ സഹായിക്കുന്നുള്ളൂ

പകരം, ഇവിടെ ഉൽപാദിപ്പിക്കുകയും പ്രഥമവും പ്രധാനവുമായി ഇവിടെ സ്വീകരിക്കപ്പെടുകയും ചെയ്യുന്ന ഒരു കലാസംസ്കാരമാണ് നമുക്കുണ്ടാകേണ്ടത്. തുടർച്ചയായ പ്രദർശനാന്തരീക്ഷവും  സമാനമായ കലാസാഹിത്യവും വളർന്നുവരണം. അതിൻറെ ആകെത്തുകയിൽ കലയെക്കുറിച്ചുള്ള ഉൽക്കണ്ഠകളും അന്വേഷണങ്ങളും സംവാദങ്ങളും കൊണ്ട് കലാലോകം സമ്പുഷ്ടമാകണം. അവയിലൂടെ ബലപ്പെട്ടുവരുന്ന ദൃശ്യസംവേദകത്വമാണ് ദൃശ്യമാധ്യമങ്ങളിലെ ആവിഷ്ക്കാരങ്ങൾ പ്രിയപ്പെട്ടതാക്കുക. കണ്ടത്  വീണ്ടും ഒരു നോക്കു കാണാൻ കൊതിയൂറുന്ന സന്ദർഭത്തിൽ സൃഷ്ടികൾ സ്വന്തമാക്കാനുള്ള സന്നദ്ധതയുണ്ടാകും. അങ്ങിനെഉപയോഗ മൂല്യത്തിലധിഷ്ഠിതമായി (use value) കലാസൃഷ്ടികളുടെ ഉൽപാദനവും പ്രദർശനവും ആസ്വാദനവും വിനിമയവും വിതരണവും നടക്കുന്ന, സംസ്കാരത്തിന്റെ ഉൾത്തടത്തിൽ കലാനുഭൂതികൾ പലവിധം സ്വീകരിക്കപ്പെടുന്ന ഘട്ടത്തിൽ മാത്രമേ കലയെ സംബന്ധിച്ച ഒരു സമ്പദ് വ്യവസ്ഥ സാധ്യമാകൂ.

ഇന്നോളം അത്തരമൊരവസ്ഥ ഇവിടെയുണ്ടായിട്ടില്ല എന്ന തിരിച്ചറിവിൽ നിന്നാണ് ഇനി തുടങ്ങേണ്ടത്. അത്തരം തിരിച്ചറിവിൽ നിന്നാണ് സ്വയം പര്യാപ്തമായ കലാസമ്പദ് വ്യവസ്ഥ ലോകത്ത്പലയിടങ്ങളിലും ബലപ്പെട്ടുവന്നത്. അത് തിരിച്ചറിയാതെ പോയ രാജ്യങ്ങളുമുണ്ട്. കല ഒരു ഉപഭോഗ സംസ്കാരമായി അവിടങ്ങളിൽ തുടരുന്നുണ്ട്, മഹാമാരി കലക്ക് നൽകുന്ന ഒരു പാഠമിതായിരിക്കട്ടെ.

Comments

sanath said…
True. We often forget the depths of our origin and seek for something that’s fleeting and a mere surface level factors that influence artist to articulate differently. Yet we are questioned of the fact of our own origins and it’s landscapes.

The Article reminds us of the need to rethink on our grounds which we often forget.
shinoj choran said…
വളരെ പ്രാധാന്യമർഹിക്കുന്ന നിരീക്ഷണം.
കലയിൽ പ്രാദേശികസമ്പദ് വ്യവസ്ഥ രൂപപ്പെട്ടുവരേണ്ടതും അതിലൂടെ സ്വയംപര്യാപ്തത കൈവരിക്കേണ്ടതുമുണ്ട്!
Unknown said…
"eenആവിഷ്ക്കാരങ്ങൾ പ്രിയപ്പെട്ടതാക്കുക. കണ്ടത് വീണ്ടും ഒരു നോക്കു കാണാൻ കൊതിയൂറുന്ന സന്ദർഭത്തിൽ സൃഷ്ടികൾ സ്വന്തമാക്കാനുള്ള സന്നദ്ധതയുണ്ടാകും. അങ്ങിനെ, ഉപയോഗ മൂല്യത്തിലധിഷ്ഠിതമായി (use value) കലാസൃഷ്ടികളുടെ ഉൽപാദനവും പ്രദർശനവും ആസ്വാദനവും വിനിമയവും വിതരണവും നടക്കുന്ന, സംസ്കാരത്തിന്റെ ഉൾത്തടത്തിൽ കലാനുഭൂതികൾ പലവിധം സ്വീകരിക്കപ്പെടുന്ന ഘട്ടത്തിൽ മാത്രമേ കലയെ സംബന്ധിച്ച ഒരു സമ്പദ് വ്യവസ്ഥ സാധ്യമാകൂ...." കുറിപ്പിന്റെ കേന്ദ്ര ബിന്ദുവായി തോന്നിയ ഒരു ഖണ്ഡികയാണിത്. വളരെ ലാഘവത്തോടെ പറഞ്ഞു പോയ പോലെ തോന്നി. കൂടുതൽ വിശദീകരണം ഉണ്ടാവണമെന്നു തോന്നുന്നു.
Anto George said…
സ്വതന്ത്ര വിപണിയെ സംബന്ധിച്ചുള്ള സങ്കൽപ്പങ്ങൾ പലരും മുമ്പും പങ്കുവെച്ചിരുന്നു. മഹാവ്യാധിയുടെ കാലം തുടങ്ങുന്നതിനു മുമ്പ് തന്നെ. പക്ഷേ വിപണിയെ കുറിച്ച് ചിന്തിക്കുമ്പോഴെല്ലാം കേരളത്തിൻ്റെ പൊതുവായ സാമ്പത്തിക വ്യവസ്ഥയിൽ ചരിത്രവും രീതികളും പരിശോധിച്ചാൽ വിദേശ വിപണിയും കുടിയേറ്റങ്ങളും പുതിയ കാര്യമല്ല എന്നു കാണാം. കലാകാരുടെ കുടിയേറ്റത്തെ പറ്റി പറയുമ്പോൾ ആ കാലത്തിനു മുമ്പ് ഇവിടത്തേതായ ചരിത്രം വളരെ പരിമിതവും കലാകാരുടെ ജീവിതം അതിദയനീയവും ആയിരുന്നു എന്ന് കാണേണ്ടതുണ്ടു്. കൊളോണിയൽ വിദ്യാഭ്യാസമല്ലേ ഇവിടെ ഉണ്ടായിരുന്നത്? അങ്ങനെയല്ലാത്തത് ഏതെന്നു നോക്കിയാൽ രാജാവിൻ്റെയും ജന്മിയുടെയും പാട്രൺഷിപ്പായിരിക്കുമല്ലൊ. പരക്കംപാച്ചിലുകൾ എക്കാലത്തും എവിടെയും ഉണ്ടായിരുന്നു. അപ്പോൾ കലയുടെ ഉൽസവഘോഷങ്ങൾ സമീപകാലത്ത് തുടങ്ങിയതിൽ നിന്നല്ല കലാകാരുടെ പ്രതിസന്ധികളുടെയും പരിമിതികളുടെയും വേരുകൾ തുടങ്ങുന്നത്. വിപണിയുണ്ടാക്കുന്ന മോഹങ്ങൾക്കപ്പുറമുള്ള സാമൂഹിക രാഷ്ട്രീയ മാറ്റത്തിൻ്റെതായ സ്വപ്നങ്ങളും കലയിലുണ്ടല്ലൊ - കലാകാരുടെ ജീവിത സുരക്ഷയും സ്വയംപര്യാപ്തയെ കുറിച്ചുള്ള ചർച്ചകളും അനിവാര്യമാകുമ്പോഴും ലോക ചരിത്രത്തിലെ ഏതു മഹാവ്യാധിയും യുദ്ധങ്ങളും അനായാസം കടന്നു വന്നതാണ് കല എന്നറിയണമല്ലൊ. കലാകാരുടെ സാമൂഹിക ഉത്തരവാദിത്വവും ചർച്ചാവിഷയമാവണം. തീർച്ചയായും ദുരന്തകാലം അതാവശ്യപ്പെടും